തൃശൂർ: പുതുക്കാട്ടെ തട്ടുകടയിൽ അടിപിടിയുണ്ടായതിന് പിന്നാലെ യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ശക്തമാക്കി ശബ്ദരേഖ പുറത്ത്. പരുക്കേറ്റ അമലിന്റെ അമ്മ കല്ലൂർ ഇഞ്ചോടി പ്രസന്നയാണ് പൊലീസുകാർ തമ്മിലുള്ള സംഭാഷണമടങ്ങിയ ശബ്ദരേഖ പുറത്തുവിട്ടത്.
‘വെള്ളത്തിലേക്കു വണ്ടിയിട്ട കാര്യം സിഐയോടു പറയേണ്ട. അവൻ ചാവുകയാണെങ്കിൽ ആയിക്കോട്ടെ’ എന്ന് പൊലീസുകാർ തമ്മിൽ പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്നാണ് പ്രസന്നയുടെ ആരോപണം.
പൊലീസ് ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; എഡിജിപിക്ക് പരാതി
തന്റെ മകൻ അമലിനെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രസന്ന എഡിജിപിക്ക് പരാതി നൽകിയത്. പരാതിക്കൊപ്പമാണ് ശബ്ദരേഖയും സമർപ്പിച്ചത്.
അമലിന്റെ ഫോണിൽ അബദ്ധത്തിൽ റെക്കോർഡ് ചെയ്തതാണ് ശബ്ദരേഖയെന്നാണ് അമ്മ പറയുന്നത്. പൊലീസുകാർ ജീപ്പിലിരുന്ന് നടത്തിയ സംഭാഷണമാണ് ഇതിൽ പതിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
തട്ടുകടയിലെ അടിപിടിക്ക് പിന്നാലെ സംഭവങ്ങൾ
ജൂലൈ 19ന് രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ലോകകപ്പ് ഫൈനൽ കാണാനായി പുറത്തിറങ്ങിയ അമൽ, വിഷ്ണു, അഭിഷേക് എന്നിവർ പുതുക്കാട് സെന്ററിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്നു.
ഇതിനിടെ മറ്റൊരു സംഘവുമായി യുവാക്കൾ അടിപിടിയുണ്ടാക്കി. തുടർന്ന് പൊലീസ് ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും യുവാക്കൾ അവിടെ ഉണ്ടായിരുന്നില്ല.
ഇരുചക്രവാഹനങ്ങൾ തോട്ടിലിട്ടെന്ന് പരാതി
യുവാക്കളുടെ ഇരുചക്രവാഹനങ്ങൾ പൊലീസ് തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പ്രസന്നയുടെ പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, അമലിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായും പരാതിയിൽ പറയുന്നു.
ഇതിനിടെയാണ് ഫോണിൽ അബദ്ധത്തിൽ പതിഞ്ഞ ശബ്ദരേഖ ലഭിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. പൊലീസ് ജീപ്പിലിരുന്നുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഇതിലൂടെ ലഭിച്ചതായും അവർ പറയുന്നു.
പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണം
പൊലീസുകാർക്കെതിരെ പരാതി നൽകിയിട്ടും വരന്തരപ്പിള്ളി പൊലീസ് ഇതുവരെ കേസെടുക്കുന്നില്ലെന്നും പ്രസന്നയുടെ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
English summary:A complaint has been filed with the ADGP alleging that police officers attempted to kill three young men by hitting them with a police jeep in Puthukkad, Thrissur. The mother of injured youth Amal, Kalloor Inchodi Prasanna, submitted an audio recording along with her complaint. She alleges that the recording, accidentally captured on Amal’s phone while it was in police custody, contains officers discussing driving the vehicle into water and saying that they should not inform the CI. The incident reportedly followed a fight at a roadside eatery on July 19. The family has sought an attempt-to-murder case against the officers and alleged that Varantharappilly Police have not registered a case despite the complaint.
