കോട്ടയം: കടുത്ത ചൂടിന് പിന്നാലെ അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ കേരളത്തിൽ മഴക്കെടുതി രൂക്ഷമായി. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലായി ആറ് പേർ മരിച്ചു. നാല് പേരെ കാണാതായതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച പുലർച്ചെ 2.45ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
ഇടുക്കി മൂന്നാർ വട്ടവടയിലെ കൊട്ടാക്കമ്പൂരിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (38) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. വീടിന് സമീപത്തെ കൃഷിയിടത്തിലെ ഷെഡിൽ മൂന്ന് പേരും മഴയിൽനിന്ന് രക്ഷപ്പെടാൻ കയറിയപ്പോഴാണ് സമീപത്തെ മണ്ണ് ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്.ഏകദേശം 20 അടി ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ മാരിയമ്മയെ മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; രണ്ട് മരണം
മലപ്പുറം നിലമ്പൂർ ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ട് പേർ മരിച്ചു. തിരൂർ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടൻ അനസ് (27) മരിച്ചവരിൽ ഒരാളാണെന്ന് തിരിച്ചറിഞ്ഞു.ഏകദേശം 60 വയസ്സ് തോന്നിക്കുന്ന മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി.
സംഭവത്തിൽ നാല് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. കാണാതായവരിൽ വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായാണ് വിവരം.ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാൽ നിരവധി പേർ പുഴയിൽ കുളിക്കാനെത്തിയിരുന്നു. എന്നാൽ, ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മുന്നറിയിപ്പില്ലാതെ പുഴയിൽ വെള്ളം കുതിച്ചെത്തുകയായിരുന്നു.
നാട്ടുകാർ മുന്നറിയിപ്പ് നൽകിയതോടെ നിരവധി പേരെ കരയിലെത്തിച്ചു. അതേസമയം, ഒഴുക്കിൽപ്പെടാതെ പാറകളിൽ കുടുങ്ങിയവരെ കയറും വടവും ഉപയോഗിച്ച് രക്ഷപ്പെടുത്തി.
കോട്ടയത്തും മഴക്കെടുതി; രണ്ട് പേർ മരിച്ചു
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80 വയസ്സുകാരനായ ചേലകാട്ട് ജോസഫ് മരിച്ചു. മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവർക്ക് പരുക്കേറ്റു.
വൈകിട്ട് ഏഴോടെയായിരുന്നു അപകടം. സമീപത്തെ വീട്ടിലുണ്ടായിരുന്നവരും രക്ഷപ്പെട്ടു. കനത്ത മഴയും വൈദ്യുതി തടസ്സവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ഇതിനിടെ, ഈരാറ്റുപേട്ട–വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് സ്കൂട്ടർ യാത്രികയായ ചെന്നൈ ജവാഹർ നഗർ സ്വദേശി സംഗീത അരുൾലാൽ (35) മരിച്ചു.വാഗമൺ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.
സംഗീതയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാഗമൺ മേഖലയിലെ കാലാവസ്ഥാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് മൂന്നിനും അഞ്ചിനുമിടയിൽ 157 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.
രക്ഷാപ്രവർത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കും
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ദുരന്തനിവാരണ അതോറിറ്റി കമ്മിഷണർ വിഗ്നേശ്വരി ഐഎഎസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
കൂടാതെ, ഇടുക്കി, കോട്ടയം ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ സംബന്ധിച്ച് എസ്എംഎസ് അലർട്ടുകൾ നൽകി. അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും കലക്ടർമാർക്ക് നിർദേശം നൽകി.
മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ ആളുകൾ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
English summary:Heavy rain triggered landslides, mudslides and flash floods across Kerala, leaving six people dead and four missing in Kottayam, Idukki and Malappuram. Two people died in a landslide at Vattavada, while two others died in a flash flood at Kottapuzha in Malappuram. Kottayam reported two more rain-related deaths. Rescue operations are continuing, while authorities are monitoring the situation and taking precautionary measures in vulnerable areas.
