കണ്ണൂരിൽ നിന്ന് ലഡാക്കിലേക്ക് മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്യുക. അതും ഒറ്റയ്ക്ക്. കാലുകൾക്ക് ജന്മനാ വളർച്ചയില്ലെന്ന പരിമിതി പോലും ജുനൈസ് സത്താറിന്റെ യാത്രാമോഹത്തിന് മുന്നിൽ തടസമായില്ല. കണ്ണൂർ മുണ്ടേരി കാനാച്ചേക്കാരൻ ജുനൈസ് 9800 കിലോമീറ്റർ സഞ്ചരിച്ചാണ് ലഡാക്കിലെത്തി തിരിച്ചെത്തിയത്.
കഠിനാധ്വാനം ചെയ്ത് പെട്ടിക്കടയിൽ നിന്ന് സ്വരൂപിച്ച ഒന്നരലക്ഷം രൂപയുമായാണ് 33കാരൻ യാത്ര പുറപ്പെട്ടത്. ജൂൺ ഒന്നിന് ആരംഭിച്ച യാത്ര ആഗസ്റ്റ് 16നാണ് പൂർത്തിയാക്കിയത്.
കണ്ണൂരിൽ നിന്ന് ലഡാക്കിലേക്ക് ഒറ്റയ്ക്ക്
മഴയും വെയിലും മഞ്ഞും പിന്നിട്ട് നീണ്ട യാത്രയായിരുന്നു ജുനൈസിന്റേത്. ഒറ്റയ്ക്ക് പോകാനുള്ള തീരുമാനത്തെ വീട്ടുകാരും സുഹൃത്തുക്കളും ആദ്യം എതിർത്തു.
എന്നാൽ യാത്രയിൽ നിന്ന് പിന്മാറില്ലെന്ന് ജുനൈസ് ഉറച്ചതോടെ കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പം നിന്നു. രാത്രിയാത്ര ഒഴിവാക്കി ദിവസവും 150 മുതൽ 200 കിലോമീറ്റർ വരെയാണ് സഞ്ചരിച്ചത്.
‘നീലോത്തി’യും 9800 കിലോമീറ്റർ യാത്രയും
ജുനൈസിന്റെ യാത്രയിലെ പ്രധാന കൂട്ടുകാരൻ മുച്ചക്ര വാഹനമായ ഹീറോ ഡെസ്റ്റിനി പ്രൈം സ്കൂട്ടറായിരുന്നു. നീല നിറത്തിലുള്ള സ്കൂട്ടറിന് ജുനൈസ് സ്നേഹത്തോടെ ‘നീലോത്തി’ എന്നാണ് പേരിട്ടത്.
എം.പി ഫണ്ടിൽ നിന്നാണ് ജുനൈസിന് സ്കൂട്ടർ ലഭിച്ചത്. യാത്രയിലുടനീളം വാഹനത്തെ ആശ്രയിച്ചായിരുന്നു 9800 കിലോമീറ്റർ ദൂരം പിന്നിട്ടത്.
പഹൽഗാമിലും സുവർണക്ഷേത്രത്തിലും താജ്മഹലിലും
ലഡാക്ക് യാത്രയ്ക്കിടെ പഹൽഗാമിലും ജുനൈസ് എത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
മടക്കയാത്രയിൽ അമൃത്സറിലെ സുവർണക്ഷേത്രവും ആഗ്രയിലെ താജ്മഹലും സന്ദർശിച്ചു. ഇതോടെ യാത്ര ഒരു ലക്ഷ്യത്തിലെത്താനുള്ള സഞ്ചാരം മാത്രമല്ലാതെ നിരവധി ഓർമകൾ സമ്മാനിച്ച അനുഭവമായി.
ധാബകളും ടെന്റുകളും യാത്രയിലെ ആശ്രയം
വഴിയരികിലെ ധാബകളിൽ നിന്നായിരുന്നു പലപ്പോഴും ജുനൈസ് ഭക്ഷണം കഴിച്ചത്. ചിലയിടങ്ങളിൽ ഭക്ഷണത്തിന് പണം വാങ്ങാൻ പോലും ആളുകൾ തയ്യാറായില്ല.
രാത്രിയിൽ യാത്ര ചെയ്യാതിരുന്ന ജുനൈസ് ചില സ്ഥലങ്ങളിൽ ടെന്റ് കെട്ടിയാണ് അന്തിയുറങ്ങിയത്. പെട്രോൾ പമ്പുകളും ആരാധനാലയങ്ങളും യാത്രയ്ക്കിടെ താമസത്തിനും വിശ്രമത്തിനും ആശ്രയമായി.
പരേതനായ സത്താറിന്റെയും അസ്മയുടെയും ഏഴ് മക്കളിൽ ഏറ്റവും ഇളയവനാണ് ജുനൈസ്. അവിവാഹിതനായ ജുനൈസ് മുണ്ടേരിയിൽ പെട്ടിക്കട നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്.
‘ജീവിതം പരിമിതികളിൽ തളരാനുള്ളതല്ല’
ലഡാക്ക് യാത്ര പൂർത്തിയാക്കി നാട്ടിലെത്തിയ ജുനൈസിന്റെ മനസിൽ ഇപ്പോൾ മറ്റൊരു ആഗ്രഹമാണ്.
“ജീവിതം പരിമിതികളിൽ തളരാനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞു. ഇനി കേരളം മൊത്തമായി കണ്ടറിയണം”, ജുനൈസ് പറയുന്നു.
