തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടും. അതേസമയം, നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ല.
കേരളത്തിൽ അസാധാരണ ചൂട്; പുനലൂരിൽ താപനില ഉയർന്നു
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ ചൂട്. ശരാശരി താപനിലയെക്കാൾ 4.4 ഡിഗ്രി കൂടുതലാണിത്.
കോട്ടയത്ത് 35 ഡിഗ്രിയും തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ 34.3 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് സംസ്ഥാനത്ത് ചൂട് വർധിക്കാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിൽ അസാധാരണ ചൂട്; സെപ്റ്റംബർ 9 വരെ ജാഗ്രത
സെപ്റ്റംബർ 7 മുതൽ 9 വരെ സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പൊതുജനം പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കേരളത്തിൽ അസാധാരണ ചൂട്; പകൽ 11 മുതൽ 3 വരെ ശ്രദ്ധിക്കണം
പകൽ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുകയും ശുദ്ധജലത്തിന് മുൻഗണന നൽകുകയും വേണം.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ഗുണകരമാണ്.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുന്നതും നിർജലീകരണം തടയാൻ സഹായിക്കും.
കേരളത്തിൽ അസാധാരണ ചൂട്; കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാക്കാലമാണെങ്കിൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ വേണം. വിനോദയാത്രകളിലും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കുട്ടികൾ നേരിട്ട് ചൂടേൽക്കാത്ത സാഹചര്യം ഉറപ്പാക്കണം.
അങ്കണവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത സംവിധാനം ഒരുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തിൽ അസാധാരണ ചൂട്; തൊഴിലാളികൾ ജോലി സമയം ക്രമീകരിക്കണം
നിർമാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കഠിന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്ക് ഉച്ചസമയത്ത് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ഥാപനങ്ങൾ ഉറപ്പാക്കണം. ആവശ്യമായാൽ യാത്രയ്ക്കിടെ വിശ്രമിക്കാനുള്ള അനുമതിയും നൽകണം.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും പകൽ 11 മുതൽ 3 വരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും വേണം. ജോലിക്കിടയിൽ ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
കേരളത്തിൽ അസാധാരണ ചൂട്; തീപിടിത്തത്തിനും കാട്ടുതീയ്ക്കും ജാഗ്രത
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കാം. അതിനാൽ ഫയർ ഓഡിറ്റും ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ പടരാനുള്ള സാധ്യതയും കൂടുതലാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ അസാധാരണ ചൂട്; യാത്രക്കാരും ജാഗ്രത പാലിക്കണം
പൊതുപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും ലഭ്യമാക്കണം. സാധ്യമെങ്കിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
യാത്ര ചെയ്യുന്നവർ വെള്ളം കൈയിൽ കരുതുകയും ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുകയും വേണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കണം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കുകയും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുകയും വേണം.
അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കൂടാതെ, കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
English Summary:
Kerala is likely to experience unusually high temperatures, with temperatures expected to rise 3–4°C above normal until September 9. Authorities have issued precautions against heat-related health problems, dehydration, fire risks and forest fires. People are advised to avoid direct sunlight between 11 am and 3 pm, stay hydrated and take special care of vulnerable groups.
