facebook

ഐ.ഐ.എമ്മിൽ മന്ത്രിമാർ വിദ്യാർഥികളായി; ചോദ്യങ്ങളുമായി സജീവമായി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും

6 Min Read

കോഴിക്കോട്: ഭരണത്തിന്റെ തിരക്കുകളിൽനിന്ന് മാറി രണ്ടു ദിവസത്തേക്ക് വിദ്യാർഥികളുടെ വേഷമണിഞ്ഞ് സംസ്ഥാന മന്ത്രിസഭ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.) സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരള’ എന്ന ദ്വിദിന നേതൃത്വ ശില്പശാലയിലാണ് സംസ്ഥാനത്തെ മന്ത്രിമാർ ക്ലാസ്മുറികളിൽ ശ്രദ്ധാപൂർവം ഇരുന്നത്. വിദഗ്ധരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ ചോദ്യങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവച്ച് മന്ത്രിമാർ സജീവമായി പങ്കെടുത്തു.

കേരളത്തിന്റെ ഭാവി വികസനം, പൊതുജനാരോഗ്യം, കാലാവസ്ഥാ പ്രതിസന്ധി, ദുരന്തപ്രതിരോധം, നിർമിതബുദ്ധിയുടെ കാലത്തെ ഭരണസംവിധാനം തുടങ്ങിയ വിഷയങ്ങളിലാണ് ശില്പശാലയിൽ പ്രധാനമായും ചർച്ച നടന്നത്. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. കേൽക്കർ, ഒ.എസ്.ഡി. എൻ.എസ്.കെ. ഉമേഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ചോദ്യങ്ങളുമായി മുന്നിൽ രമേശ് ചെന്നിത്തല

ശില്പശാലയുടെ ആദ്യദിനത്തിലെ വിവിധ സെഷനുകളിൽ ഏറ്റവും സജീവമായി ചോദ്യങ്ങൾ ഉന്നയിച്ചവരിൽ ഒരാൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു. എല്ലാ സെഷനുകളിലും അദ്ദേഹം ചോദ്യങ്ങളുമായി ഇടപെട്ടു. വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുന്നതിനൊപ്പം സ്വന്തം അഭിപ്രായങ്ങളും പങ്കുവച്ചത് ക്ലാസിൽ ശ്രദ്ധേയമായി.

വെറും പ്രഭാഷണം കേൾക്കുന്ന രീതിക്ക് പകരം ഓരോ വിഷയത്തിന്റെയും പ്രായോഗിക വശങ്ങളിലേക്ക് കടന്നുചെല്ലാനാണ് മന്ത്രി ശ്രമിച്ചത്. ഭരണപരമായ അനുഭവങ്ങളിൽനിന്നുള്ള നിരീക്ഷണങ്ങളും ക്ലാസിലെ ചർച്ചകളുമായി ബന്ധപ്പെടുത്തി അദ്ദേഹം മുന്നോട്ടുവച്ചു. ഇതോടെ സെഷനുകളിൽ കൂടുതൽ സംവാദാത്മകമായ അന്തരീക്ഷവും രൂപപ്പെട്ടു.

ഗൗരവമുള്ള സംശയങ്ങളുമായി വി.ഡി. സതീശൻ

മുഖ്യമന്ത്രി വി.ഡി. സതീശനും ശില്പശാലയിലെ വിവിധ സെഷനുകളിൽ സജീവമായി ഇടപെട്ടു. പൊതുജനാരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ, ദുരന്തപ്രതിരോധ ശേഷി എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളിലാണ് മുഖ്യമന്ത്രി കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

ജപ്പാനിലെ കാലാവസ്ഥാ പ്രവചന സംവിധാനത്തിന്റെ കൃത്യതയെക്കുറിച്ച് കിയോ സർവകലാശാലയിലെ പ്രൊഫസർ രാജിബ് ഷായോട് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ജപ്പാൻ പിന്തുടരുന്ന ദുരന്തപ്രതിരോധ രീതികളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ തേടി. കാലാവസ്ഥാ പ്രവചനങ്ങൾ ഏകദേശം 98 ശതമാനം കൃത്യതയോടെ നടത്താൻ കഴിയുന്നുവെന്ന രാജിബ് ഷായുടെ മറുപടിക്കിടെ കേരളത്തിലെ സാഹചര്യങ്ങളും ചർച്ചയായി.

കേരളത്തിൽ പലപ്പോഴും ഉരുൾപൊട്ടലും മറ്റ് ദുരന്തങ്ങളും സംഭവിച്ചതിന് ശേഷമാണ് റെഡ് അലർട്ട് ലഭിക്കുന്നതെന്ന സംസ്ഥാനത്തിന്റെ അനുഭവവും മന്ത്രി ടി. സിദ്ദിഖ് രാജിബ് ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇതോടെ ചർച്ച നടന്നു.

ദേവി ഷെട്ടിയുടെ ക്ലാസിൽ ആരോഗ്യ ഇൻഷുറൻസ് ചർച്ച

നാരായണ ഹെൽത്തിന്റെ സ്ഥാപകൻ ഡോ. ദേവി ഷെട്ടി ഓൺലൈനായി നയിച്ച ക്ലാസിലും മുഖ്യമന്ത്രി വി.ഡി. സതീശൻ സജീവമായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യപരിപാലന മേഖലയുമായി ബന്ധപ്പെട്ട വിവിധ സാധ്യതകളാണ് സെഷനിൽ ചർച്ച ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി ക്ലാസിൽ വിശദീകരിച്ചു. പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ദേവി ഷെട്ടി മുന്നോട്ടുവച്ചു. ആരോഗ്യപരിരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ അഭിപ്രായങ്ങൾ തേടുന്നതിനായി ദേവി ഷെട്ടിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കാലാവസ്ഥാ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ക്ലാസിന് പിന്നാലെ വയനാടിനെ കാലാവസ്ഥാ ആഘാതങ്ങളെ നേരിടാൻ കൂടുതൽ ശേഷിയുള്ള ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതിയിലും മുന്നേറ്റമുണ്ടായി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തുന്ന ഇക്കോസിസ്റ്റം മിഷനിൽ ജപ്പാനിലെ കിയോ സർവകലാശാലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ മന്ത്രി ടി. സിദ്ദിഖ് നടത്തി.

ഇംഗ്ലീഷിലും ചോദ്യം; ‘ഐ ആം ഹാപ്പി’യുമായി പി.കെ. ബഷീർ

ഐ.ഐ.എം. കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി നയിച്ച സെഷനിലും മന്ത്രിമാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ക്ലാസിനിടെ നിയമസഭയിലെ ശ്രദ്ധേയനായ മന്ത്രി പി.കെ. ബഷീർ ഇംഗ്ലീഷിൽ ചോദ്യം ഉന്നയിച്ചു. ചോദ്യത്തിന് ദേബാശിഷ് ചാറ്റർജി നൽകിയ മറുപടിയിൽ സംതൃപ്തനായ മന്ത്രി ‘ഐ ആം ഹാപ്പി’ എന്ന് പറഞ്ഞ് വീണ്ടും ഇരിപ്പിടത്തിലേക്ക് മടങ്ങി.

ക്ലാസുകൾ മന്ത്രിമാർക്ക് പുതിയ അനുഭവവും അറിവും നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സാധാരണ ക്ലാസ് മുറികളിലെന്നപോലെ കൃത്യസമയത്ത് തന്നെ മന്ത്രിമാർ എത്തുകയും ശ്രദ്ധയോടെ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി. ആരും വൈകിയെത്തുകയോ ക്ലാസിനിടെ അച്ചടക്കം ലംഘിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്നും മന്ത്രിമാർ പറഞ്ഞു.

ഫോൺ റിങ്ങ് ചെയ്താൽ 1000 രൂപ പിഴ

ഐ.ഐ.എം. കോഴിക്കോട് ക്ലാസ്മുറികളിലെ അച്ചടക്കത്തിന്റെ ഭാഗമായുള്ള ഒരു പ്രത്യേക നിർദേശവും മന്ത്രിമാർക്ക് ബാധകമായിരുന്നു. ക്ലാസ് നടക്കുന്നതിനിടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്താൽ 1000 രൂപ പിഴ ഈടാക്കുന്ന രീതിയാണ് സ്ഥാപനത്തിലുള്ളത്. മന്ത്രിമാർക്കും ഇതിൽ പ്രത്യേക ഇളവ് നൽകിയില്ല.

ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിലാക്കുകയോ ചെയ്യണമെന്നാണ് അധികൃതർ നിർദേശിച്ചത്. ഇതനുസരിച്ച് ഭൂരിഭാഗം മന്ത്രിമാരും മൊബൈൽ ഫോണുകൾ ക്ലാസിന് പുറത്തുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിനെ ഏൽപ്പിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.

2011ലും അന്നത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കായി ഐ.ഐ.എം. കോഴിക്കോട് ഏകദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ഫോൺ ക്ലാസിനിടെ റിങ്ങ് ചെയ്ത സംഭവവും മന്ത്രിമാർ ഓർത്തെടുത്തു. മന്ത്രിയായതിനുള്ള പ്രത്യേക പരിഗണന അന്നും ലഭിച്ചിരുന്നില്ലെന്നാണ് ഓർമ.

‘റീ ഇമാജിനിങ് കേരള’യ്ക്ക് തുടക്കമായി

ഐ.ഐ.എം. കോഴിക്കോട് കാമ്പസിലെ മാനേജ്മെന്റ് ഡെവലപ്‌മെന്റ് സെന്ററിലാണ് ‘റീ ഇമാജിനിങ് കേരള’ എന്ന പേരിലുള്ള ദ്വിദിന നേതൃത്വ ശില്പശാല ആരംഭിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ 9.30ന് ആദ്യ സെഷൻ ആരംഭിച്ചു.

‘നിർമിതബുദ്ധിയുഗത്തിലെ പരിവർത്തനാത്മക നേതൃത്വം’ എന്ന വിഷയത്തിൽ ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി നയിച്ച ആദ്യ സെഷൻ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. വിഷയത്തിലുള്ള മന്ത്രിമാരുടെ താൽപര്യം കാരണം സെഷൻ നിശ്ചയിച്ചതിലും ഏകദേശം 15 മിനിറ്റ് അധികം നീണ്ടു.

കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുക എന്ന വിഷയത്തിൽ ചെന്നൈ അരവിന്ദ് ഐ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ ക്ലാസ് നയിച്ചു. കാലാവസ്ഥാ പ്രതിരോധശേഷിയും സമൂഹത്തിന്റെ തയ്യാറെടുപ്പും സംബന്ധിച്ച സെഷനിൽ പ്രൊഫ. രാജിബ് ഷായും പ്രൊഫ. അനുപം ദാസും സംസാരിച്ചു.

നയങ്ങളിൽനിന്ന് പെരുമാറ്റത്തിലേക്ക് എന്ന വിഷയത്തിൽ കിങ്സ് കോളേജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജയൻ ബാനർജിയും ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. സിദ്ധാർഥ് പാധിയും ക്ലാസുകൾ നയിച്ചു. കേരളത്തിന്റെ പൊതുജനാരോഗ്യ ഭാവിയെക്കുറിച്ചുള്ള സെഷനിൽ ദേവി ഷെട്ടി ഓൺലൈനായി പങ്കെടുത്തു. വൈകീട്ട് 5.30ഓടെയാണ് ആദ്യദിനത്തെ ക്ലാസുകൾ അവസാനിച്ചത്.

ഉമ്മൻചാണ്ടിയുടെ പഴയ ഐ.ഐ.എം. ഓർമകൾ

2011ൽ മന്ത്രിമാർ ഐ.ഐ.എം. കോഴിക്കോട് പഠിതാക്കളായതിന്റെ ഓർമകളും മുൻമന്ത്രി ഡോ. എം.കെ. മുനീർ പങ്കുവച്ചു. അന്നത്തെ മന്ത്രിസഭയിലെ അംഗമായിരുന്ന അദ്ദേഹം പുതിയ ബാച്ചിനോട് തങ്ങളും ഐ.ഐ.എമ്മിലെ പൂർവ വിദ്യാർഥികളാണെന്ന് പറയാനുണ്ടെന്ന് വ്യക്തമാക്കി.

അന്നത്തെ ക്ലാസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നുവെന്നും മുനീർ ഓർത്തെടുത്തു. കൈയിൽ നോട്ടുബുക്കുമായി ക്ലാസിലെ കാര്യങ്ങളെല്ലാം കുറിച്ചെടുത്ത് ഒരു സാധാരണ വിദ്യാർഥിയെപ്പോലെയാണ് ഉമ്മൻചാണ്ടി ഇരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണയായി മന്ത്രിമാർ സംസാരിക്കുകയും മറ്റുള്ളവർ കേൾക്കുകയും ചെയ്യുന്നതാണ് പതിവെങ്കിലും ഐ.ഐ.എമ്മിലെ രണ്ടു ദിവസത്തെ പരിശീലനത്തിൽ എല്ലാവരും അച്ചടക്കമുള്ള വിദ്യാർഥികളായിരുന്നുവെന്നും മുനീർ പറഞ്ഞു. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള നിരവധി ആശയങ്ങൾ അന്നത്തെ ക്ലാസുകളിൽനിന്ന് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഭാവിയിലേക്ക് പുതിയ ആശയങ്ങൾ

ആദ്യദിനം അഞ്ചുമണിക്കൂറിലേറെ സമയമാണ് മന്ത്രിമാർ ക്ലാസുകളിൽ ചെലവഴിച്ചത്. വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും കേരളത്തിന്റെ ദീർഘകാല വികസനസാധ്യതകൾ വിലയിരുത്തുകയും ചെയ്തു.

നിർമിതബുദ്ധിയുടെ വളർച്ച, വേഗത്തിലുള്ള ഭരണസംവിധാനം, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പുതിയ ആശയങ്ങൾ കണ്ടെത്തുകയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. വിദഗ്ധരുടെ അറിവും സംസ്ഥാന ഭരണത്തിന്റെ പ്രായോഗിക അനുഭവങ്ങളും ഒരുമിപ്പിച്ച് കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശ കണ്ടെത്താനുള്ള വേദിയായാണ് പരിപാടി മാറിയത്.

ശനിയാഴ്ച ഉച്ചയോടെ ദ്വിദിന ശില്പശാല സമാപിക്കും. സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രിമാർക്ക് ഐ.ഐ.എം. കോഴിക്കോട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മുൻകാലത്തെപ്പോലെ ഇത്തവണയും ക്ലാസുകളിൽനിന്ന് ലഭിക്കുന്ന അറിവുകളും നിർദേശങ്ങളും സംസ്ഥാന ഭരണത്തിലും വികസന പദ്ധതികളിലും പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Share This Article