കണ്ണൂരിലെ വിവാഹ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ശ്രദ്ധ നേടുകയാണ്. ജീവിതപങ്കാളിയെ കണ്ടെത്താൻ വർഷങ്ങളായി ശ്രമിച്ചിട്ടും വിജയിക്കാത്തതിനെ തുടർന്ന് നഴ്സിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ വൈദ്യുത പോസ്റ്റുകളിൽ ഒമ്പത് ഭാഷകളിൽ പോസ്റ്റർ പതിച്ചാണ് പുതിയ ശ്രമം ആരംഭിച്ചത്.
9 ഭാഷകളിൽ പോസ്റ്റർ; ലക്ഷ്യം കൂടുതൽ പേരിലേക്ക് എത്തുക
കാസർകോട് പെരിയ നഴ്സിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കണ്ണൂർ ചെറുപുഴ സ്വദേശിയുമായ കെ.കെ. അജിത് കുമാർ (43) ആണ് വ്യത്യസ്തമായ ഈ വിവാഹാന്വേഷണത്തിന് പിന്നിൽ.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ആസാമി, നേപ്പാളി, ഒഡിയ, പഞ്ചാബി, മറാത്തി ഭാഷകളിലുമാണ് പോസ്റ്റർ തയ്യാറാക്കിയത്. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും പോസ്റ്റർ വിതരണം ചെയ്തിട്ടുണ്ട്.
അഞ്ച് ബിരുദാനന്തര ബിരുദങ്ങൾ; എന്നിട്ടും ജീവിതപങ്കാളിയെ കണ്ടെത്താനായില്ല
എം.എസ്.സി നഴ്സിംഗ്, എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ അഞ്ച് ബിരുദാനന്തര ബിരുദങ്ങളുള്ള അജിത് കുമാർ സ്ഥിരവരുമാനമുള്ള അധ്യാപകനാണ്.
അതേസമയം, വിവാഹത്തിന് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിവാഹം നടക്കാൻ സഹായിക്കുന്നവർക്ക് ₹20,000 പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
മാട്രിമോണി സ്ഥാപനങ്ങൾക്കെതിരെ കോടതിയെ സമീപിച്ചു
2009 മുതൽ വിവിധ മാട്രിമോണി സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ഫീസ് അടച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അജിത് കുമാർ പറയുന്നു.
തുടർന്ന് പത്തിലധികം വിവാഹ ബ്യൂറോകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ചില കേസുകളിൽ നഷ്ടപരിഹാരവും ലഭിച്ചതായാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ നിയമനടപടികൾക്കായി ₹2 ലക്ഷത്തിലധികം ചെലവായതായും അദ്ദേഹം പറയുന്നു.
‘അമ്മയ്ക്ക് പ്രായമായി; നല്ലൊരു ജീവിതപങ്കാളി വേണം’
മൊബൈൽ നമ്പർ കണ്ടു പലരും തമാശയ്ക്കായി വിളിക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന് അജിത് കുമാർ പറയുന്നു.
അമ്മയ്ക്ക് പ്രായമായെന്നും നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. മകന്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിവച്ച് പിതാവ് കഴിഞ്ഞ വർഷം നവംബറിൽ മരണപ്പെട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
