കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക് പതിച്ചതോടെ ആഭരണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു. സംസ്ഥാനത്ത് ഇന്ന് രാവിലെ വില ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയായി. ഇതോടെ പവൻവിലയിൽ ഒറ്റയടിക്ക് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ 1,04,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ആഗോള വിപണിയിൽ സ്വർണവില കഴിഞ്ഞ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3970 ഡോളറിലേക്ക് വരെ കൂപ്പുകുത്തിയതാണ് കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകാൻ കാരണം.
ഇതിനിടയിൽ ആഗോള വിപണിയിൽ സ്വർണവില നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും തിരിച്ചുകയറാനും ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിപണിയിലെ പ്രതികൂല ഘടകങ്ങൾ കാരണം അത് ഫലം കണ്ടില്ല. ഒരു വേള വിപണി പോസിറ്റീവ് ട്രാക്കിലേക്ക് നേരിയ തോതിൽ തിരിച്ചുകയറി ഔൺസിന് 3988 ഡോളർ എന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ അവിടെ പിടിച്ചുനിൽക്കാൻ സാധിക്കാതെ വില വീണ്ടും താഴേക്ക് പോവുകയായിരുന്നു. നിലവിൽ ആഗോള വിപണിയിൽ സ്വർണവില 8 ഡോളർ കൂടി താഴ്ന്ന് 3979 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
പലിശനിരക്ക് ഉയരുമെന്ന ആശങ്കയും ശക്തമാകുന്ന ഡോളറും; സ്വർണവിലയെ കാത്തിരിക്കുന്ന 4 വെല്ലുവിളികൾ
നിലവിൽ വില കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സ്വർണവിലയെ കാത്തിരിക്കുന്നത് ആഗോള സാമ്പത്തിക രംഗത്തെ കടുത്ത വെല്ലുവിളികളാണ്. സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന വിപണി ഘടകങ്ങൾ താഴെ പറയുന്നവയാണ്:
- യുഎസ് പണപ്പെരുപ്പ നിരക്ക്: അമേരിക്കയിൽ കഴിഞ്ഞ മാസം പണപ്പെരുപ്പം വിപണി വിദഗ്ദ്ധർ പ്രതീക്ഷിച്ച അത്രയും ഉയരാതിരുന്നത് സ്വർണത്തിന് താൽക്കാലിക നേട്ടമാണെങ്കിലും, ആഗോള സാമ്പത്തിക വിപണിക്ക് പൂർണ്ണമായി ആശ്വസിക്കാൻ വകയില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
- ഫെഡറൽ റിസർവിന്റെ നിലപാട്: യുഎസിലെ പണപ്പെരുപ്പം ഇപ്പോഴും കടുത്ത ഭീഷണിയാണെന്നും അത് നിയന്ത്രിക്കാൻ അടിസ്ഥാന പലിശനിരക്ക് ഇനിയും കൂട്ടണമെന്നും യുഎസിലെ ഡാളസ് ഫെഡറൽ റിസർവ് പ്രസിഡന്റ് ലോറീ ലോഗൻ ആവശ്യപ്പെട്ടു. ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതി അംഗം കൂടിയായ ലോഗന്റെ ഈ പരാമർശം വരും ദിവസങ്ങളിൽ പലിശ കൂട്ടിയേക്കുമെന്ന ആശങ്ക വിപണിയിൽ ശക്തമാക്കി.
- ശക്തമാകുന്ന യുഎസ് ഡോളർ: യുഎസ് ബാങ്കുകൾ പലിശനിരക്ക് വീണ്ടും കൂട്ടിയേക്കാമെന്ന വിലയിരുത്തലുകളെ തുടർന്ന് ആഗോള വിപണിയിൽ യുഎസ് ഡോളർ (US Dollar) വീണ്ടും ശക്തിപ്രാപിച്ചു. ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണവില പെട്ടെന്ന് ഇടിഞ്ഞു താഴാൻ പ്രധാന വഴിവെച്ചത്. പലിശ കൂട്ടാനുള്ള സാധ്യതകൾ വരും ദിവസങ്ങളിൽ ശക്തമായാൽ സ്വർണവില ഇനിയും താഴേക്ക് പതിക്കും.
- പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയും: പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിന് പുറമേ മറ്റൊരു നിർണായക കപ്പൽപ്പാതയായ ചെങ്കടലിലേക്കും (Red Sea) വ്യാപിക്കുന്നത് ആഗോളതലത്തിൽ എണ്ണവില കത്തിക്കയറാൻ ഇടവരുത്തും. ഇത് ലോകമെമ്പാടും പണപ്പെരുപ്പ ഭീതി കൂട്ടാൻ വഴിയൊരുക്കുകയും ഡോളർ മൂല്യം കുതിച്ചുയരാൻ കാരണമാവുകയും ചെയ്യും. ഈ പ്രതിഭാസവും സ്വർണവില ഇടിയാൻ കാരണമായേക്കും.
