facebook

കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു; 19കാരിയും കാമുകനും പിടിയിൽ

2 Min Read

വിവാഹശേഷവും കാമുകനുമായുള്ള ബന്ധം തുടരാൻ ഭർത്താവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19-കാരിയായ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. രമേശിന്റെ ഭാര്യ ഹസിനി (19), ഇവരുടെ കാമുകൻ യുഗന്ധർ (20), കൊലപാതകത്തിൽ പങ്കാളികളായ മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെയാണ് പൊലീസ് അതിവേഗം വലയിലാക്കിയത്. ചോരക്കുഞ്ഞിന്റെ മുന്നിലിട്ടാണ് പ്രതികൾ രമേശിനെ വെട്ടിവീഴ്ത്തിയത്.

രണ്ട് വർഷം മുൻപാണ് രമേശും ഹസിനിയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്. പുറമേക്ക് വിവാഹജീവിതത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ ധാരണ. എന്നാൽ വിവാഹശേഷവും ഹസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധറുമായി പ്രണയബന്ധം തുടർന്നിരുന്നുവെന്നും, തങ്ങളുടെ ബന്ധത്തിന് തടസ്സമായി നിൽക്കുന്ന രമേശിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് മാസങ്ങളായി ആസൂത്രണം നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ലൈവ് ലൊക്കേഷൻ പങ്കുവെച്ചു, ഹെയർപിൻ വളവിൽ കെണിയൊരുക്കി

അമാവാസി ദിനത്തിൽ ഗുടുപള്ളി മണ്ഡലത്തിലെ മല്ലപ്പകൊണ്ട കുന്നിലെ പ്രശസ്തമായ ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോകണമെന്ന് ഹസിനി ഭർത്താവ് രമേശിനെ നിർബന്ധിച്ചു. ഭാര്യയുടെ വാക്കുകേട്ട് മകളെയും കൂട്ടി രമേശ് ബൈക്കിൽ യാത്രതിരിച്ചു. യാത്രയിലുടനീളം ഹസിനി തന്റെ മൊബൈൽ ഫോണിലെ ലൈവ് ലൊക്കേഷൻ (Live Location) കാമുകനായ യുഗന്ധറുമായി പങ്കുവെച്ചുകൊണ്ടിരുന്നതായി പൊലീസ് കണ്ടെത്തി.

ക്ഷേത്രത്തിലേക്കുള്ള വിജനമായ മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹസിനി ആസൂത്രിതമായി തന്റെ ഹാൻഡ് ബാഗ് താഴേക്ക് വീഴ്ത്തി. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തി താഴെയിറങ്ങിയതോടെ, കാട്ടിൽ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി രമേശിനെ ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാൻ രമേശ് വനമേഖലയിലേക്ക് ഓടിയെങ്കിലും, പ്രതികൾ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; പ്രതികൾ മണിക്കൂറുകൾക്കകം വലയിൽ

കൃത്യം നടന്ന ശേഷം ഹസിനിയും കുഞ്ഞും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ നിർണായകമായി മാറി.

രമേശ് ഭാര്യയെയും മകളെയും കൂട്ടി ക്ഷേത്രത്തിലേക്ക് പോകുന്നതും, എന്നാൽ പിന്നീട് രമേശില്ലാതെ ഹസിനിയും കുഞ്ഞും മറ്റ് രണ്ട് യുവാക്കൾക്കൊപ്പം അതേ ബൈക്കിൽ മടങ്ങുന്നതുമായ സംശയകരമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ ഹസിനിയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, വിവാഹസമയത്ത് ഹസിനി പ്രായപൂർത്തിയായിരുന്നില്ലെന്നും അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു എന്നുമുള്ള ഗ്രാമവാസികളുടെ ആരോപണവും പുറത്തുവന്നിട്ടുണ്ട്. ഇതിന്മേൽ ബാലവിവാഹ നിരോധന നിയമപ്രകാരം പൊലീസ് പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Article