ദാംബുള്ള: ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിലുള്ള ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങൾ. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരം വിശെൻ ഹാലംബേജും തമ്മിൽ വാക്കേറ്റവും ശാരീരികമായ ഏറ്റുമുട്ടലും അരങ്ങേറി.
വെളിച്ചം മങ്ങിയ സാഹചര്യത്തിൽ അവസാനിച്ച മത്സരത്തിന് പിന്നാലെയാണ് സംഭവം. ഇരുതാരങ്ങളെയും ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല ഇടപെട്ട് മാറ്റിനിർത്തുകയായിരുന്നു. സംഭവത്തിൽ മാച്ച് റഫറി പ്രദീപ് ജയപ്രകാശ് നടപടി സ്വീകരിക്കുമോയെന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 പ്രകാരം, മത്സരങ്ങൾക്കിടെ കളിക്കാർ തമ്മിലുള്ള അനുചിതമായ ശാരീരിക സമ്പർക്കം ഗുരുതരമായ ലംഘനമായാണ് കണക്കാക്കുന്നത്. മനഃപൂർവമോ അശ്രദ്ധ മൂലമോ മറ്റൊരു താരത്തെ ഇടിക്കുകയോ തള്ളുകയോ ചെയ്തതായി കണ്ടെത്തിയാൽ പിഴയോ മത്സര വിലക്കോ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരാം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, 143 റൺസിന് ഏഴ് വിക്കറ്റ് നഷ്ടമായ നിലയിൽ നിന്ന് സൂര്യാൻഷ് ഷെഡ്ജിയും വിപ്രജ് നിഗവും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ 265 റൺസിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ, സദീര സമരവിക്രമയുടെ 93 റൺസിന്റെ മികവിൽ വിജയത്തിനരികിലെത്തിയെങ്കിലും, അവസാന ഓവറിൽ അർഷാദ് ഖാന്റെ മികച്ച ബൗളിങ് മത്സരത്തെ സമനിലയിലാക്കി.
സൂപ്പർ ഓവറിൽ ശ്രീലങ്ക എ 16 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ലങ്കൻ പേസർ കുഗതാസ് മതുലൻ തകർത്തു. വൈഭവ് സൂര്യവംശിയെയും സൂര്യാൻഷ് ഷെഡ്ജിയെയും പുറത്താക്കി ശ്രീലങ്കയ്ക്ക് ആവേശ ജയം സമ്മാനിക്കുകയും ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചിരുന്ന ഇന്ത്യ എ, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ഇപ്പോഴത്തെ തോൽവിയോടെയും സമ്മർദത്തിലായിരിക്കുകയാണ്. അയർലൻഡ് പര്യടനത്തിന് മുന്നോടിയായി നടക്കുന്ന ഈ പരമ്പരയിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം പെരുമാറ്റവും ബിസിസിഐയ്ക്ക് ആശങ്കയാകുകയാണ്.
English Summary:
Tempers flared after India A’s Super Over defeat to Sri Lanka A in the tri-series at Dambulla, with Indian youngster Vaibhav Suryavanshi and Sri Lankan player Vishen Halambage involved in an on-field altercation. The incident was defused by wicketkeeper Niroshan Dickwella. Match referee Pradeep Jayaprakash may review the incident under the ICC Code of Conduct. Sri Lanka A eventually secured a thrilling win and a place in the final.
vaibhav-suryavanshi-vishen-halambage-altercation-after-india-a-loss
India A, Sri Lanka A, Vaibhav Suryavanshi, Vishen Halambage, Dambulla, Niroshan Dickwella, ICC Code of Conduct, Super Over, Cricket News, Tri-Series, BCCI, Sports News
