facebook

വീട്ടുവളപ്പിൽ താമരപ്പൂവ് പോലെ വിരിഞ്ഞ് അപൂർവ ‘കല്ലുവാഴ’! വിത്തുകൾക്ക് കിലോയ്ക്ക് ആയിരത്തിലധികം വില; 13 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കുലച്ച കാഴ്ച കാണാൻ ജനപ്രവാഹം

1 Min Read

കൊട്ടാരക്കര: പൂവറ്റൂർ കച്ചേരിമുക്ക് സ്വദേശിയായ ആർ. തുളസീധരൻ പിള്ളയുടെ വീട്ടുവളപ്പിൽ കുലച്ച രണ്ട് കല്ലുവാഴകൾ പ്രദേശവാസികൾക്കിടയിൽ കൗതുകമുണർത്തുന്നു. സാധാരണയായി മലനിരകളിൽ കാണപ്പെടുന്ന ഈ അപൂർവ സസ്യം വീട്ടുപുരയിടത്തിൽ കുലച്ചതാണ് ശ്രദ്ധേയമായത്.

റിട്ട. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറായ തുളസീധരൻ പിള്ള 13 വർഷം മുമ്പ് തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് വാങ്ങിയ തൈകളാണ് വീട്ടിൽ നട്ടത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ കുലച്ചിരുന്ന കല്ലുവാഴയിൽ നിന്നുള്ള വിത്തുകൾ മരുന്നിനായി ഉപയോഗിക്കുകയും ശേഷിച്ചവ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. അവയിൽ രണ്ടെണ്ണമാണ് ഇപ്പോൾ വീണ്ടും കുലച്ചത്.

കല്ലുവാഴ കുലച്ചുവെന്നറിഞ്ഞ് നിരവധി പേരാണ് ദിവസവും വീട്ടിലെത്തി അപൂർവ കാഴ്ച കാണുന്നത്. താമരയിതളുകൾ വിടരുന്നതുപോലെയുള്ള പച്ച ദളങ്ങളുടെയും അതിനുള്ളിൽ മറഞ്ഞുകിടക്കുന്ന കായ്കളുടെയും പ്രത്യേക രൂപമാണ് കല്ലുവാഴയുടെ പ്രധാന ആകർഷണം.

ആയുർവേദ ഔഷധ നിർമാണത്തിൽ ഉപയോഗിക്കുന്നതിനാൽ കല്ലുവാഴക്കുലയ്ക്ക് വിപണിയിൽ ഉയർന്ന വില ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരു കിലോയ്ക്ക് ആയിരം രൂപയിലധികം വില ലഭിക്കാറുണ്ടെന്നും കൂടുതൽ തൈകൾ വളർത്തുന്നതിനായി വിത്തുകൾ ശേഖരിച്ച് നട്ടുപിടിപ്പിക്കാനാണ് പദ്ധതിയെന്നും തുളസീധരൻ പിള്ള പറഞ്ഞു.

കല്ലുവാഴയുടെ പ്രത്യേകതകൾ

  • ഏകദേശം 12 അടി വരെ ഉയരത്തിൽ വളരും.
  • കുലയ്ക്ക് അഞ്ച് അടി വരെ നീളമുണ്ടാകും.
  • താമരയിതളുകൾ പോലെയുള്ള പച്ച ദളങ്ങളാണ് കുലയുടെ പ്രത്യേകത.
  • കായ്ക്കുള്ളിലെ വിത്തുകൾ കല്ലുപോലെ കട്ടിയുള്ളതായതിനാലാണ് ‘കല്ലുവാഴ’ എന്ന പേര് ലഭിച്ചത്.
  • കായ്കൾ പൂർണമായും മൂപ്പെത്താൻ ഏകദേശം ഒരു വർഷം സമയം എടുക്കും.
  • ആയുർവേദ ചികിത്സയിൽ വിത്തുകൾ ഉപയോഗിക്കുന്നതായി പരമ്പരാഗത വിശ്വാസമുണ്ട്.

English Summary

Two rare stone banana plants (Kalluvazha) have borne fruit at the residence of R. Thulasidharan Pillai in Kottarakkara, drawing the attention of locals. The plants, brought from the Thiruvananthapuram Botanical Garden 13 years ago, are valued for their medicinal importance and unusual lotus-like bunches.

Share This Article