മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി; ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ല: സ്വന്തം അനിയനോട് ചേച്ചിയുടെ ക്രൂരത

2 Min Read

ഫ്ലോറിഡ സിറ്റിയിൽ അനുസരണക്കേട് കാണിച്ചെന്ന കാരണത്താൽ സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി ക്രൂരമായി പീഡിപ്പിച്ച ഇരുപത്തിയാറുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നതാലി ഫ്രാൻസെലിയ ക്രൂസ് എന്ന യുവതിയാണ് ഈ അതിക്രൂരമായ ശിക്ഷാനടപടിയുടെ പേരിൽ പോലീസിന്റെ പിടിയിലായത്.

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ശിക്ഷാവിധി വൈകുന്നേരം വരെ നീണ്ടുനിന്നതായാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ സമയമത്രയും ദാഹജലം നൽകാനോ പ്രാഥമികാവശ്യങ്ങൾക്കായി ശുചിമുറിയിൽ പോകാനോ പോലും യുവതി കുട്ടിയെ അനുവദിച്ചില്ല. ഒടുവിൽ ക്രൂരത സഹിക്കാനാവാതെ സഹോദരിയുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട കുട്ടി, അയൽവാസികളെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഭയന്ന അയൽക്കാരാണ് ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ മണിക്കൂറുകളോളം അരിയിൽ അമർന്നുനിന്ന കുട്ടിയുടെ കാൽമുട്ടുകളിൽ കടുത്ത മുറിവുകളും പരുക്കുകളുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മയെ നേരത്തെ രാജ്യാന്തര നിയമപ്രകാരം നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയായിരുന്നു നിലവിൽ കുട്ടിയുടെ നിയമപരമായ ഏക രക്ഷിതാവ്. മുൻപും ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ കഠിനവും ക്രൂരവുമായ ശിക്ഷാമുറകൾ നൽകാറുണ്ടെന്ന് കുട്ടി പോലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിലായ നതാലി ഫ്രാൻസെലിയ ക്രൂസ് നിലവിൽ രണ്ടായിരത്തി അഞ്ഞൂറ് ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുകയാണ്. കുട്ടിയുടെ സുരക്ഷ മുൻനിർത്തി സഹോദരന്റെ അടുത്തുനിന്നും പൂർണ്ണമായും മാറിനിൽക്കാൻ കോടതി ഇവർക്ക് കർശന ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പ്രത്യേക ഹോൾഡും (Hold) നിലവിലുണ്ട്.

English Summary

A 26-year-old woman, Natalie Francelia Cruz, was arrested in Florida City for brutally punishing her younger brother by forcing him to kneel on rice for hours. The child, who sustained knee injuries and was denied bathroom access, escaped to neighbors for help. Cruz is jailed on a $2,500 bond.

Share This Article