കൈവഴുതി താഴേക്ക് പതിച്ച കുഞ്ഞ്, താഴെ കൈകൾ കോർത്ത് ആ മലയാളി യുവാവ്! ലണ്ടനിൽ മാലാഖയായി അവതരിച്ച മലപ്പുറത്തുകാരൻ മുഹമ്മദ് ജസീലിന്റെ രക്ഷാപ്രവർത്തനം ഇങ്ങനെ

2 Min Read

ലണ്ടൻ: യുകെയിലെ ഇൽഫോഡിൽ മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്നുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് മലയാളി യുവാവ് മുഹമ്മദ് ജസീൽ ശ്രദ്ധേയനായി. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ചേർന്നാണ് ജസീൽ കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രക്ഷാപ്രവർത്തനത്തിന് പിന്നിലെ മലയാളി യുവാവ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ജസീലാണെന്ന് വ്യക്തമായത്. കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് മൂന്നാം നിലയിലെ ജനൽപ്പടിയിൽ പിടിച്ചുനിൽക്കുന്ന കുട്ടിയെ പ്രദേശവാസികൾ ശ്രദ്ധിച്ചത്. ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന സാഹചര്യം കണ്ട് ആളുകൾ ഭീതിയിലായി. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കെട്ടിടത്തിന്റെ ഘടന ദൗത്യം സങ്കീർണമാക്കി.

ഇതിനിടെയാണ് സമീപത്തെ താമസസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ജസീലിന്റെ ശ്രദ്ധ പുറത്തുണ്ടായ ബഹളത്തിലേക്ക് തിരിഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുകയായിരുന്നു.

കുട്ടിയുടെ പിടി ക്രമേണ ദുർബലമാകുന്നതിനിടെ ജസീലും പൊലീസ് ഉദ്യോഗസ്ഥനും താഴെ സുരക്ഷിത സ്ഥാനത്ത് നിലയുറപ്പിച്ചു. ഒടുവിൽ കുട്ടിയുടെ കൈ വഴുതി താഴേക്ക് പതിച്ചപ്പോൾ ഇരുവരും ചേർന്ന് കുട്ടിയെ സുരക്ഷിതമായി താങ്ങിയെടുത്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയൊരു ദുരന്തമാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടത്.

മെട്രോപൊളിറ്റൻ പൊലീസിന്റെ വിവരമനുസരിച്ച് വൈകിട്ട് 3.23-നാണ് കുട്ടി അപകടാവസ്ഥയിലാണെന്ന വിവരം ലഭിച്ചത്. 3.32-ഓടെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ഏകദേശം ഒമ്പത് മിനിറ്റ് നീണ്ട ദൗത്യമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീൽ 2019-ലാണ് എംബിഎ പഠനത്തിനായി യുകെയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഈസ്റ്റ് ഹാമിലെ ഒരു റെസ്റ്റോറന്റിൽ മാനേജരായി ജോലി ചെയ്യുകയാണ്. സംഭവത്തിന് പിന്നാലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലുമായി ജസീലിന് അഭിനന്ദന പ്രവാഹമാണ്.

സമയോചിത ഇടപെടലും മനസ്സാന്നിധ്യവും കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മുഹമ്മദ് ജസീലിന്റെ പ്രവർത്തി മലയാളികൾക്കാകെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

English Summary:
Malayali youth Mohammed Jaseel from Malappuram helped rescue a three-year-old girl who was hanging from a third-floor window ledge in Ilford, UK. Along with a police officer, he safely caught the child when she slipped, preventing a major tragedy. The dramatic rescue has earned widespread praise from the Malayali community and social media users.

Share This Article