ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായിരുന്ന സുകന്യയ്ക്ക് 30 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ നിർണായക വിജയം. 1996-ൽ കുപ്രസിദ്ധ കള്ളൻ വീരപ്പൻ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ സുകന്യ നൽകിയ കേസിൽ, 10.01 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവച്ചു.
1996-ൽ സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വീരപ്പൻ നടി സുകന്യയെക്കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങൾ തന്റെ വ്യക്തിപരമായ മാന്യതയെയും പൊതുചിത്രത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുകന്യ നിയമനടപടി സ്വീകരിച്ചത്.
അഭിമുഖത്തിലെ ആരോപണങ്ങൾ പരിശോധിക്കാതെയാണ് സൺ ടിവി സംപ്രേക്ഷണം നടത്തിയതെന്നും അത് തന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായെന്നും സുകന്യ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് 2015-ൽ കീഴ്ക്കോടതി സുകന്യയുടെ വാദം അംഗീകരിച്ച് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ സൺ ടിവി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു.
1991-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതു നെല്ലു പുതു നാത്തു എന്ന ചിത്രത്തിലൂടെയാണ് സുകന്യ അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, സാഗരം സാക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
സിനിമാ ജീവിതത്തിന് പുറമെ വ്യക്തിജീവിതത്തിലും നിരവധി വെല്ലുവിളികൾ നേരിട്ട സുകന്യ, 2024-ൽ ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധിയോടെ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് നടി.
English Summary
Actress Sukanya has won a long-running legal battle related to defamatory remarks made in a 1996 interview by sandalwood smuggler Veerappan. The Madras High Court upheld a lower court order directing Sun TV to pay ₹10.01 lakh as compensation. Sukanya had argued that the broadcast damaged her reputation and affected her career at its peak.
