ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സിങ്ക്കണ്ടം സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് കാട്ടാനയുടെ മുന്നിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. തന്റെ കുഞ്ഞിനെ രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് മാരിയെ തേടി ഈ വലിയ ദുരന്തമെത്തിയത്. ആനയുടെ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് മാരിയും കുട്ടിയും കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് കനത്ത മഴയും കട്ടിപ്പുക പോലുള്ള കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ തൊട്ടുമുന്നിൽ കാട്ടാന നിൽക്കുന്നത് ഇവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. വഴിയിൽ ആനയുണ്ടെന്ന് തിരിച്ചറിയാതെ ഇരുവരും ആനയുടെ തൊട്ടുമുന്നിലേക്ക് നടന്നുചെന്ന് പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പാഞ്ഞെത്തി. തുടർന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന (ആർആർടി) സ്ഥലത്തെത്തിയാണ് ആനയുടെ അടുത്തുനിന്ന് കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
English Summary
A 36-year-old woman named Mari was trampled to death by a wild elephant in Suryanelli, Idukki, while taking her son to school. Heavy rain and thick fog caused them to walk directly into the elephant. The forest department’s RRT team rescued the injured child, who is now stable in hospital.
