facebook

ജനനേന്ദ്രിയത്തിലടക്കം മുറിവുകൾ, കാൽപ്പാദത്തിൽ പൊള്ളൽ; ഒന്നര വയസ്സുകാരൻ അർഷിദിന്റേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

1 Min Read

തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ക്രൂരമർദനമാണ് മരണകാരണമെന്ന് പൊലീസ്. കേസിൽ കുഞ്ഞിന്റെ അമ്മ അഖിലയെയും ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അഖിലയുടെ മകൻ അർഷിദാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ കുഞ്ഞിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചിരുന്നു.

ആഹാരം കഴിച്ചശേഷം കുഞ്ഞ് ഛർദിക്കുകയും അവശനിലയിലാകുകയും ചെയ്തുവെന്നായിരുന്നു അഷ്കറിന്റെ ആദ്യ മൊഴി. സംഭവസമയത്ത് അഖില തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിക്കായി പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദനമുറിവുകൾ ഉൾപ്പെടെ 51 പരിക്കുകളും മുറിവുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയ ഭാഗത്തും മുറിവുകളുണ്ടായിരുന്നു. ചില മുറിവുകൾ പഴക്കമുള്ളതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കാൽപാദങ്ങളിലും വിരലുകളുടെ അടിഭാഗങ്ങളിലും പൊള്ളലേറ്റതിന് സമാനമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിരുന്നുവെന്നും, സൈക്കിളിൽ നിന്ന് വീണതാണെന്ന് അഷ്കർ നാട്ടുകാരോട് പറഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അഷ്കർ കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കുട്ടി നേരത്തെ പീഡനത്തിന് ഇരയായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്.

കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ. ബൈജുകുമാർ അറിയിച്ചു.

English Summary:

A one-and-a-half-year-old boy from Nedumangad, Thiruvananthapuram, allegedly died due to severe physical abuse. Police arrested the child’s mother and her male companion after a post-mortem reportedly revealed 51 injuries on the child’s body. Investigators suspect prolonged abuse and are probing whether more individuals were involved in the case.

Share This Article