​10 മിനിറ്റിൽ 1,200 രൂപ പോക്കറ്റിലിട്ടു; ലണ്ടൻ നഗരത്തെ ഞെട്ടിച്ച മലയാളിക്ക് ഒടുവിൽ ബ്രിട്ടീഷ് പൊലീസിന്റെ ‘പൂട്ട്’

1 Min Read

ലണ്ടൻ: ലണ്ടൻ നഗരത്തിലെ തിരക്കേറിയ വിനോദസഞ്ചാര മേഖലയിൽ തൽക്ഷണ ഫോട്ടോകൾ പകർത്തി വിൽക്കാൻ ശ്രമിച്ച മലയാളി യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിഷ്ണു വിജയധരൻ എന്ന യുവാവാണ് പോളറോയിഡ് ക്യാമറ ഉപയോഗിച്ച് വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ പകർത്തി വിൽക്കാൻ ശ്രമിച്ചത്.

ഒരു ചിത്രത്തിന് അഞ്ച് പൗണ്ട് (ഏകദേശം 540 രൂപ) നിരക്കിലായിരുന്നു വിൽപ്പന. ലണ്ടനിൽ ഇത്തരത്തിൽ ഫോട്ടോകൾ വിറ്റ് എത്ര വരുമാനം നേടാനാകുമെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം വീഡിയോ ചിത്രീകരിച്ചത്.

“വിസ നാളെ അവസാനിക്കുന്നവർ മാത്രം ശ്രമിക്കുക” എന്ന തമാശയോടെയുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർച്ചയായി നിരവധി ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ക്യാമറ വാങ്ങിയ ശേഷമാണ് യുവാവ് പരീക്ഷണത്തിനിറങ്ങിയത്.

വീഡിയോയിൽ വിനോദസഞ്ചാരികൾ ആവേശത്തോടെ ഫോട്ടോ എടുക്കാൻ മുന്നോട്ടുവരുന്നതും കാണാം. ആദ്യ ഏതാനും ഇടപാടുകൾ വിജയകരമായതോടെ വലിയ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് വിഷ്ണു പറയുന്നു.

എന്നാൽ അധികം വൈകാതെ പൊലീസ് ഉദ്യോഗസ്ഥരും നഗര ഭരണകൂടത്തിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സ്ഥലത്തെത്തി പ്രവർത്തനം തടഞ്ഞു. ലണ്ടനിലെ നിയമപ്രകാരം ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ പൊതുസ്ഥലങ്ങളിൽ കച്ചവടം നടത്തുകയോ ആളുകളെ സമീപിച്ച് സേവനം വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

വെറും പത്ത് മിനിറ്റിനിടെ 11 പൗണ്ട് (ഏകദേശം 1,200 രൂപ) വരുമാനം ലഭിച്ചപ്പോഴേക്കും അധികൃതർ ഇടപെട്ടതായാണ് വീഡിയോയിൽ പറയുന്നത്.

ഇത്തരമൊരു പ്രവർത്തനത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് അറിയില്ലായിരുന്നുവെന്നും, നിയമാനുസൃത അനുമതി ലഭിച്ചാൽ മണിക്കൂറിൽ 100 പൗണ്ട് വരെ സമ്പാദിക്കാൻ സാധ്യതയുണ്ടെന്നും വിഷ്ണു അഭിപ്രായപ്പെട്ടു.

English Summary: A Malayali youth’s attempt to sell instant Polaroid photographs to tourists in central London was stopped by authorities within minutes due to licensing regulations. The incident has gained attention on social media.

Share This Article