facebook

മനുഷ്യസ്നേഹത്തിന്റെ മഹാവിജയം; 20 വർഷത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും

1 Min Read

കോഴിക്കോട്: രണ്ട് പതിറ്റാണ്ട് നീണ്ട സൗദി അറേബ്യയിലെ തടവുജീവിതത്തിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ അബ്ദുൽ റഹീം ഇന്ന് കേരളത്തിലെത്തും. റിയാദിൽ നിന്ന് ബുധനാഴ്ച രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ 7.35-നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തുക.

ജയിൽ അധികാരികൾ നേരിട്ടെത്തിയാണ് റഹീമിന്റെ യാത്രാനടപടികൾ പൂർത്തിയാക്കിയത്. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരും കുടുംബവും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് റഹീം സഹായസമിതി അറിയിച്ചു.

2006 നവംബറിലാണ് തൊഴിൽ തേടി അബ്ദുൽ റഹീം സൗദിയിലെത്തിയത്. ഒരു സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിചരിക്കുകയായിരുന്നു ജോലി. എന്നാൽ 2006 ഡിസംബർ 26-ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ച സംഭവത്തിൽ റഹീം അറസ്റ്റിലായി. പിന്നീട് വധശിക്ഷയ്ക്കും വിധിക്കപ്പെട്ടു.

സംഭവം അപകടമായിരുന്നുവെന്നാണ് റഹീം കോടതിയിൽ വിശദീകരിച്ചത്. എന്നാൽ പ്രോസിക്യൂഷൻ കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിന്നു.

റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് വലിയ മനുഷ്യസ്നേഹ പ്രസ്ഥാനമായി മാറി. 34 കോടിയിലേറെ രൂപ ദിയാധനമായി സമാഹരിച്ചതോടെയാണ് വധശിക്ഷ ഒഴിവാക്കാൻ സാധിച്ചത്.

തുടർന്ന് സൗദി നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച റഹീം, ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ മോചിതനാകുന്നത്.

റഹീം സഹായസമിതിയുടെ നേതൃത്വത്തിൽ ആകെ 47.87 കോടി രൂപ സമാഹരിച്ചിരുന്നു. ഇതിൽ 36.27 കോടി രൂപ നിയമനടപടികൾക്കും അനുബന്ധ ചെലവുകൾക്കുമായി വിനിയോഗിച്ചു.

2024 ജൂലൈ 2-ന് വധശിക്ഷ റദ്ദാക്കിയതോടെയാണ് റഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

English Summary: Abdul Rahim, who spent nearly 20 years in a Saudi prison, is returning to Kerala after completing legal procedures and prison terms. His death sentence had earlier been revoked following massive fundraising efforts by Malayalis worldwide.

Share This Article