ചെന്നൈ: ലണ്ടനിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയിയും തമിഴ് സൂപ്പർതാരം അജിത് കുമാറും കണ്ടുമുട്ടിയതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്.
എന്നാൽ വിജയ്–അജിത് കൂടിക്കാഴ്ച ആരാധകാഘോഷത്തിൽ ഒതുങ്ങിയില്ല. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയുടെ ഉദ്ദേശ്യത്തെച്ചൊല്ലി ഡിഎംകെ വിമർശനം ഉന്നയിച്ചതോടെ സംഭവം തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയായി.
തമിഴ്നാട്ടിലേക്ക് വിദേശനിക്ഷേപം എത്തിക്കുന്നതിനായി നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനാണ് വിജയ് ലണ്ടനിലെത്തിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം.
സംസ്ഥാനത്ത് ലോകോത്തര മോട്ടർ സ്പോർട്സ് സിറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പഠിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
അജിത്തിന്റെ റേസ് കാണാൻ വിജയ്; താരസംഗമമായി ലണ്ടൻ
ലണ്ടനിലെ സിൽവർസ്റ്റോണിൽ നടക്കുന്ന മിഷലിൻ ലേ മാൻസ് കാറോട്ട മത്സരത്തിലാണ് അജിത് കുമാറിന്റെ ടീമും പങ്കെടുക്കുന്നത്. മത്സരം കാണാനെത്തിയ വിജയ് മത്സരത്തിന് പച്ചക്കൊടി വീശുകയും ചെയ്തു.
തുടർന്ന് അജിത് വിജയിനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കി.
സിനിമാ രംഗത്ത് ഇരുവരുടെയും ആരാധകർ തമ്മിൽ പലപ്പോഴും ഫാൻഫൈറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും ലണ്ടനിലെ താരസംഗമത്തിന് ആരാധകരിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
‘നിക്ഷേപത്തിനല്ല, സുഹൃത്തിന്റെ റേസ് കാണാൻ’
താരങ്ങളുടെ കൂടിക്കാഴ്ച വലിയ വാർത്തയായതിന് പിന്നാലെയാണ് ഡിഎംകെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
‘ലണ്ടൻ യാത്ര നിക്ഷേപം കൊണ്ടുവരാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാൻ പോയതാണെന്ന് എല്ലാവരും കണ്ടു’ എന്നായിരുന്നു ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ വിമർശനം.
സംസ്ഥാനത്ത് കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിക്ഷേപം കൊണ്ടുവരാൻ ഇത്ര തിടുക്കപ്പെടേണ്ടതില്ലെന്നും ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ പ്രതികരിച്ചു.
‘സുഹൃത്തിനെ കാണുന്നതിൽ എന്താണ് തെറ്റ്?’
ഡിഎംകെയുടെ വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ടിവികെ രംഗത്തെത്തി. കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതിലാണ് ഡിഎംകെയ്ക്ക് താൽപര്യമെന്നും മുഖ്യമന്ത്രി ഔദ്യോഗിക യാത്രയ്ക്കിടെ സുഹൃത്തിനെ കാണുന്നതിൽ തെറ്റില്ലെന്നും ടിവികെ വക്താവ് അമേരിക്കൈ വി. നാരായണൻ പറഞ്ഞു.
അജിത് തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യാന്തര റേസിങ് രംഗത്തും അറിയപ്പെടുന്ന താരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തമിഴ്നാട് മുഖ്യമന്ത്രി അജിത്തിനെപ്പോലൊരാളെ സന്ദർശിക്കുമ്പോൾ അത് ബ്രാൻഡ് തമിഴ്നാടിന്റെ മൂല്യം വർധിപ്പിക്കുകയാണ്’ എന്നായിരുന്നു ടിവികെയുടെ വാദം.
താരസംഗമം മുതൽ രാഷ്ട്രീയ പോരിലേക്ക്
മുഖ്യമന്ത്രി വിജയിയുടെ ലണ്ടൻ സന്ദർശനം നിക്ഷേപസമാഹരണത്തിനായുള്ള ഔദ്യോഗിക യാത്രയാണെന്നാണ് സർക്കാരിന്റെ നിലപാട്. അതിനിടെയാണ് അജിത്തിന്റെ റേസിങ് പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തത് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്.
അതേസമയം, മുഖ്യമന്ത്രിയുടെ യാത്രയെ ന്യായീകരിച്ച് ടിവികെ രംഗത്തെത്തിയതോടെ വിജയ്–അജിത് കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ ചർച്ചയ്ക്കും വേദിയായി. നിക്ഷേപം, മോട്ടർ സ്പോർട്സ്, സിനിമാ താരങ്ങളുടെ ജനപ്രീതി എന്നിവയെല്ലാം ഒരേസമയം രാഷ്ട്രീയവാദത്തിന്റെ ഭാഗമാകുന്ന സാഹചര്യമാണ് തമിഴ്നാട്ടിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.
English Summary:
Tamil Nadu Chief Minister Vijay’s meeting with actor Ajith Kumar in London has triggered a political dispute alongside celebrations among fans. DMK criticised Vijay, alleging that his London visit, officially aimed at attracting investments, included attending Ajith’s racing event. TVK defended the Chief Minister, saying there was nothing wrong with meeting a friend during an official visit and arguing that Ajith’s international racing profile could enhance Tamil Nadu’s brand value.
