ലണ്ടൻ/കണ്ണൂർ: നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിന് തീരാനഷ്ടമായി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം–ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.
നഴ്സറി വിദ്യാർഥിനിയായ ഹെലന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മൂന്ന് വർഷം മുൻപ് ജോലി ലഭിച്ചതിനെ തുടർന്ന് ക്ലാരിറ്റ് യുകെയിലെത്തിയിരുന്നു. പിന്നീട് ഭർത്താവ് അബിനും അവിടേക്ക് പോയി. ഒരു വർഷം മുൻപാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരൻ ജുവാനും മാതാപിതാക്കൾക്കൊപ്പം യുകെയിൽ ചേർന്നത്. കുടുംബമായി ഒരുമിച്ച് പുതിയ ജീവിതം ആരംഭിച്ച സാഹചര്യത്തിലാണ് ഈ ദുരന്തം സംഭവിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽ നിന്ന് താഴെ വീണതിനെ തുടർന്ന് ഹെലന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി കുടുംബം പറയുന്നു. തുടർന്ന് ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതോടെ നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സ തുടരുന്നതിനിടെയാണ് ഹെലൻ മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യം വ്യക്തമാക്കാൻ കൂടുതൽ മെഡിക്കൽ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്.
ഹെലൻ റോസിന്റെ മൃതദേഹം നിലവിൽ കേംബ്രിജിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങൾ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
കണ്ണീരോടെ മകളെ യാത്രയാക്കാൻ ഒരുങ്ങുന്ന കുടുംബത്തിനൊപ്പം പ്രവാസി മലയാളി സമൂഹവും ദുഃഖത്തിൽ പങ്കുചേരുകയാണ്.
English Summary
Four-year-old Helen Rose, daughter of Kannur natives Abin Tom and Clarit George living in the UK, has passed away while undergoing treatment. Preliminary reports suggest internal bleeding in the head, though investigations are continuing to determine the exact cause. The tragic loss has deeply affected the family and the wider Malayali community in the UK.
