തിരുവനന്തപുരം ∙ പണം ഈടാക്കി ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിൽനിന്ന് പിഎച്ച്ഡി സംഘടിപ്പിച്ചുനൽകുന്ന സംഘത്തെക്കുറിച്ചുള്ള പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ നിയമവിദ്യാഭ്യാസ രംഗത്ത് നിർണായക തസ്തികയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ഗൈഡും ഇടനിലക്കാരനുമായി പ്രവർത്തിച്ചെന്ന് വിവരം
പിഎച്ച്ഡി നേടാൻ താൽപര്യമുള്ളവരെ കണ്ടെത്തി സർവകലാശാലകളുമായി ബന്ധപ്പെടുത്തി പണം വാങ്ങി ബിരുദം സംഘടിപ്പിച്ചുനൽകുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. ഇതിൽ ആരോപണവിധേയനായ വ്യക്തി ഒരേസമയം ഗവേഷണ ഗൈഡായും ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തലസ്ഥാനത്തടക്കം ഇയാൾക്കുള്ള സ്വത്തുക്കളും ബാങ്ക് ഇടപാടുകളും പരിശോധിക്കാനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുന്നതിലൂടെ പിഎച്ച്ഡി ഇടപാടുകളുമായി ബന്ധപ്പെട്ട പണമൊഴുക്ക് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കോളജ് അധ്യാപകരിലേക്കും അന്വേഷണം
ഇയാൾ വഴി പിഎച്ച്ഡി നേടിയതായി സംശയിക്കുന്ന കോളജ് അധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കിവരികയാണ്. ഇയാളോടൊപ്പം മുൻപ് ജോലി ചെയ്തിരുന്നവരെയും നേരിൽ കണ്ട് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
ആദ്യഘട്ടത്തിൽ ഏതാനും സുഹൃത്തുക്കളെ സഹായിക്കാനായി തുടങ്ങിയ പ്രവർത്തനം പിന്നീട് വാണിജ്യാടിസ്ഥാനത്തിലുള്ള ഇടപാടായി മാറിയെന്നാണ് മുൻ സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. ആവശ്യക്കാരെ കണ്ടെത്തി അവരുടെ താൽപര്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് തുക നിശ്ചയിച്ചശേഷം സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെടുത്തി പിഎച്ച്ഡി നേടാൻ സഹായിക്കുകയായിരുന്നു രീതിയെന്നും അന്വേഷണത്തിൽ സൂചനയുണ്ട്.
നിയമമേഖലയിൽ നേരത്തെ തന്നെ ചർച്ചയായിരുന്നെന്ന് വിവരം
ആരോപണവിധേയനായ വ്യക്തിക്ക് നിയമവിദ്യാഭ്യാസ രംഗത്ത് പിഎച്ച്ഡിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നേരത്തെ തന്നെ വലിയ ബന്ധമുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകരുടെ മൊഴികളിൽനിന്ന് ലഭിക്കുന്ന വിവരം. നിയമമേഖലയിൽ പിഎച്ച്ഡി നേടുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ ഇയാളുടെ പേരുമായി ബന്ധപ്പെടുത്തി തമാശകൾ പോലും പ്രചരിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇതോടെയാണ് ലോ കോളജുകൾ കേന്ദ്രീകരിച്ചും പൊലീസ് വിവരശേഖരണം ആരംഭിച്ചത്. പിഎച്ച്ഡി നേടിയവരുടെ യോഗ്യത, ഗവേഷണ കാലയളവ്, സർവകലാശാല, രജിസ്ട്രേഷൻ തീയതി, ഗൈഡ് തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനാണ് നീക്കം.
മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻപും പിഎച്ച്ഡി
പിഎച്ച്ഡി പൂർത്തിയാക്കാൻ ആവശ്യമായ കുറഞ്ഞ മൂന്ന് വർഷത്തെ കാലയളവ് പോലും പൂർത്തിയാകുന്നതിന് മുൻപ് ചിലർക്ക് ബിരുദം സംഘടിപ്പിച്ചുനൽകിയെന്ന ഗുരുതര ആരോപണവും അന്വേഷണത്തിലുണ്ട്. ഇതിനായി രജിസ്ട്രേഷൻ തീയതി മുൻകാല പ്രാബല്യത്തോടെ രേഖപ്പെടുത്തുകയും സർവകലാശാലകളുടെ സഹകരണത്തോടെ നടപടികൾ ക്രമീകരിക്കുകയും ചെയ്തുവെന്നാണ് വിവരം.
ഉത്തരേന്ത്യയിൽ അടുത്തിടെ ആരംഭിച്ച ചില സ്വകാര്യ സർവകലാശാലകളെയാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഗവേഷണത്തിന്റെ യഥാർഥ നിലവാരം, ഹാജർ, ഗൈഡിങ്, രജിസ്ട്രേഷൻ നടപടികൾ എന്നിവ സംബന്ധിച്ച രേഖകളും പരിശോധിക്കും.
നിരവധി സർവകലാശാലകൾ അന്വേഷണ പരിധിയിൽ
രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ഝബർലാൽ തിബ്രേവാല (ജെജെടി), ഭഗവന്ത്, സൺറൈസ്, മധ്യപ്രദേശിലെ വിക്രാന്ത് സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നാണ് പണം വാങ്ങി പിഎച്ച്ഡി സംഘടിപ്പിച്ചുനൽകിയിരുന്നതെന്നാണ് അന്വേഷണത്തിലെ വിവരം.
മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി പേർക്ക് പിഎച്ച്ഡി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് ജെജെടി, സൺറൈസ് സർവകലാശാലകൾക്ക് വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് വർഷത്തേക്ക് പിഎച്ച്ഡി പ്രവേശനം അനുവദിക്കരുതെന്ന നിർദേശവും യുജിസി നൽകിയിട്ടുണ്ടെന്നാണ് വിവരം.
സർവീസ് ചട്ടലംഘനവും പരിശോധിക്കും
സംഘം വഴി പിഎച്ച്ഡി നേടിയ സർക്കാർ ജീവനക്കാരും അധ്യാപകരും ഈ യോഗ്യത ഉപയോഗിച്ച് സ്ഥാനക്കയറ്റമോ മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളോ നേടിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. വ്യാജമോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ പിഎച്ച്ഡി ഉപയോഗിച്ച് സർവീസ് ആനുകൂല്യങ്ങൾ നേടിയതായി കണ്ടെത്തിയാൽ അത് സർവീസ് ചട്ടലംഘനമായി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ കേസ് വിജിലൻസിന് കൈമാറുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
കൂടുതൽ സർവകലാശാലകളിലേക്ക് അന്വേഷണം
മധ്യപ്രദേശിലെ മഹാകൗശൽ, ഗ്യാൻവീർ, ഉത്തർപ്രദേശിലെ മംഗളായതൻ, മേഘാലയയിലെ വില്യം കാരി സർവകലാശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. പിഎച്ച്ഡി നൽകുന്നതിലെ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, രജിസ്ട്രേഷൻ മുതൽ ഗവേഷണ പൂർത്തീകരണം വരെയുള്ള നടപടികൾ യഥാർഥമായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
സംഘത്തിന്റെ പ്രവർത്തനത്തിന് പിന്നിൽ കൂടുതൽ ആളുകളോ സ്ഥാപനങ്ങളോ ഉണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.
