facebook

20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം, 30 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ജീവനക്കാരെ കുറ്റവിമുക്തരാക്കി സുപ്രീം കോടതി

2 Min Read

ന്യൂഡൽഹി ∙ വെറും 20 രൂപ കൈക്കൂലി ആരോപണത്തിൽ ആരംഭിച്ച കേസിൽ മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഗുജറാത്തിലെ രണ്ട് മുൻ സർക്കാർ ജീവനക്കാർക്ക് സുപ്രീം കോടതിയിൽ ആശ്വാസം. ആനന്ദ് ജില്ലയിലെ ബേചാരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുൻ ക്ലർക്കിനെയും പ്യൂണിനെയും കുറ്റവിമുക്തരാക്കിയാണ് സുപ്രീം കോടതി വിധി. കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

1996ൽ തുടങ്ങിയ കേസ്

1996 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിയാണ് ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിയത്. സർട്ടിഫിക്കറ്റ് നൽകുന്നതിന് ക്ലർക്ക് 120 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

100 രൂപ ക്ലർക്കിനും 20 രൂപ പ്യൂണിനും നൽകണമെന്നായിരുന്നു ജീവനക്കാർ ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി ആന്റി കറപ്ഷൻ ബ്യൂറോയെ സമീപിച്ചു.

എസിബിയുടെ നിർദേശപ്രകാരം പണം നൽകി

പരാതി ലഭിച്ചതിന് പിന്നാലെ ആന്റി കറപ്ഷൻ ബ്യൂറോ വിദ്യാർഥിക്ക് പണം നൽകി. ജീവനക്കാർ ആവശ്യപ്പെട്ട തുക അവർക്കു കൈമാറാനായിരുന്നു നിർദേശം. തുടർന്ന് വിദ്യാർഥി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി ക്ലർക്കിന് 100 രൂപയും പ്യൂണിന് 20 രൂപയും നൽകിയെന്നാണ് കേസ്.

പിന്നീട് എസിബി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്യൂണിന്റെ കൈയിൽനിന്ന് 20 രൂപ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ക്ലർക്കിന് നൽകിയതായി പറയുന്ന 100 രൂപ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

പ്രോസിക്യൂഷൻ വാദത്തിൽ വൈരുദ്ധ്യം

കേസിന്റെ വിചാരണയ്ക്കിടെ വിദ്യാർഥി നൽകിയ മൊഴികളിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആദ്യം നൽകിയ മൊഴിയിലും പിന്നീട് കോടതിയിൽ പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

തുടക്കത്തിൽ 200 രൂപ ആവശ്യപ്പെട്ടതായും പിന്നീട് 120 രൂപയ്ക്ക് ഒത്തുതീർപ്പായതായും വിദ്യാർഥി പറഞ്ഞിരുന്നുവെന്ന് കോടതി വ്യക്തമാക്കി. പിന്നീട് നൽകിയ മൊഴിയിൽ തുക സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്യൂണിനെതിരായ ആരോപണത്തിലും സംശയം

പ്യൂൺ തനിക്കോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നില്ലെന്നും സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് താൻ പ്യൂണിന് 20 രൂപ നൽകിയതെന്നും വിദ്യാർഥി കോടതിയിൽ പറഞ്ഞിരുന്നു. ഈ മൊഴിയും കേസിൽ നിർണായകമായി.

ആന്റി കറപ്ഷൻ ബ്യൂറോ 120 രൂപയും ജീവനക്കാർക്ക് നൽകാൻ നിർദേശിച്ചിരുന്നെങ്കിൽ, അതിൽ 20 രൂപ മാത്രം പ്യൂണിന് നൽകിയത് എന്തുകൊണ്ടാണെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഈദിന് നൽകിയ പണമെന്ന പ്യൂണിന്റെ വാദം

അതേസമയം, വിദ്യാർഥി തനിക്ക് പണം സ്വമേധയാ നൽകിയതാണെന്നായിരുന്നു പ്യൂണിന്റെ വാദം. താൻ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പിറ്റേദിവസം ഈദ് ആയിരുന്നതിനാൽ വിദ്യാർഥി സന്തോഷപൂർവം 20 രൂപ നൽകിയതാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു.

കേസിലെ തെളിവുകൾ വിലയിരുത്തിയ സുപ്രീം കോടതി, ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന അടിസ്ഥാന ആരോപണം തന്നെ ഉറപ്പായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

30 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം

ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം തെളിയിക്കാനാകാത്ത സാഹചര്യത്തിൽ മുൻ ജീവനക്കാർക്കെതിരായ ശിക്ഷ നിലനിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതോടെ 1996ൽ ആരംഭിച്ച കേസിൽ രണ്ട് മുൻ സർക്കാർ ജീവനക്കാരുടെയും ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് അവസാനമായി. തെളിവുകളുടെ വിശ്വാസ്യതയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ക്രിമിനൽ കേസുകളിൽ എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

Share This Article