ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച പ്രാതൽ യോഗത്തിനിടെയായിരുന്നു പ്രഖ്യാപനമെന്നാണ് വിവരം.
പാർട്ടിക്കുള്ളിലെ ഭിന്നതകൾ അവസാനിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പൂർണ പിന്തുണ നൽകണമെന്നും സിദ്ധരാമയ്യ സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ മാത്രമാണ് ഇനി ബാക്കിയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത്തിനെ കാണാൻ സമയം തേടിയതും രാജിസമർപ്പണത്തിനായാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് സാധ്യത.
നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് സിദ്ധരാമയ്യ പടിയിറങ്ങാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന ചർച്ചയിൽ അടുത്ത തിരഞ്ഞെടുപ്പ് വരെ തുടരാൻ അവസരം നൽകണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
എന്നാൽ രണ്ടരവർഷത്തിന് ശേഷം അധികാരമാറ്റമെന്ന മുൻധാരണ നടപ്പാക്കണമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതോടെയാണ് തീരുമാനം അന്തിമമായത്.
ഒ.ബി.സി വിഭാഗത്തിലെ പ്രധാന നേതാവായ സിദ്ധരാമയ്യയെ അസ്വസ്ഥനാക്കാതെയാണ് കോൺഗ്രസ് നേതൃത്വം നീക്കങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യസഭാ സീറ്റും മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് പദവിയോടെയുള്ള സ്ഥാനവും പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായാൽ വിവിധ സമുദായങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസ് ആലോചിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Karnataka Chief Minister Siddaramaiah is reportedly set to resign following discussions with the Congress high command, paving the way for Deputy Chief Minister D.K. Shivakumar to take over leadership of the state government.
