പട്‌ന: ബിഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ഉമാനാഥ് ഘട്ടിന് സമീപം അപകടമുണ്ടായത്.
ഏകദേശം 15 പേരുമായി ഡയാര മേഖലയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് പെട്ടെന്ന് ബാലൻസ് തെറ്റി മറിഞ്ഞത്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആശങ്ക.
ആളുകൾ നദിയിൽ മുങ്ങുന്നതുകണ്ട് സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ചിലരെ നാട്ടുകാർ മറ്റൊരു ബോട്ടിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ഇതിനകം ഏഴ് പേർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനി അഞ്ച് പേരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
എസ്.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കിയതായി ബാർഹ് എസ്.ഡി.പി.ഒ രാമകൃഷ്ണ അറിയിച്ചു.
അപകടവാർത്ത പരന്നതോടെ ആയിരക്കണക്കിന് നാട്ടുകാരും ബന്ധുക്കളും ഉമാനാഥ് ഘട്ടിൽ തടിച്ചുകൂടി. കണ്ടെത്തിയ മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
ലോക്കൽ പോലീസും ജില്ലാ ഭരണകൂടവും മറ്റ് നിയമനടപടികൾ പൂർത്തിയാക്കുന്നുണ്ട്. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകിവരികയാണ്.
English Summary: Two people died and five remain missing after a boat carrying around 15 passengers capsized in the Ganga River near Umanath Ghat in Bihar. Rescue operations by local residents and SDRF teams are underway.
