പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൽഐസി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി എത്തുന്നവർക്ക് ആനുകൂല്യം
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷയെന്നും കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മലകയറ്റ പാതയിൽ 200 കസേരകൾ; നിലയ്ക്കലിൽ വിശ്രമപ്പന്തലുകൾ
തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപായി പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്.
നിലയ്ക്കലിൽ ഒരേസമയം രണ്ടായിരത്തോളം പേർക്ക് വിശ്രമിക്കാൻ കഴിയുന്ന രണ്ട് വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്.
ശുചിമുറികളുടെ ശുചീകരണത്തിന് 200-ലധികം തൊഴിലാളികൾ
ശുചിമുറികളുടെ നടത്തിപ്പ് ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ ദേവസ്വം ബോർഡ് നേരിട്ട് നിർവഹിക്കും. ഓരോ മണിക്കൂർ ഇടവിട്ടും ശുചിമുറികൾ വൃത്തിയാക്കും. ഇതിനായി 200-ലധികം തൊഴിലാളികളെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.
വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്മെന്റ്; ഡോളി സർവീസ് പ്രീ-പെയ്ഡ്
വഴിപാടുകൾക്കുള്ള പണമടയ്ക്കലിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകും. എല്ലാ ഡോളി സർവീസുകളും ഇനി മുതൽ പ്രീ-പെയ്ഡ് സംവിധാനത്തിലായിരിക്കും.
50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരം
ഈ മാസം 17-ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്ന് കെ. ജയകുമാർ പറഞ്ഞു. അരവണ നിർമാണത്തിന് ആവശ്യമായ ശർക്കരയുടെ ലഭ്യതയിൽ നിലവിൽ ആശങ്കയില്ല. നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നത്.
നേരത്തേ മുറികൾ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ട്. നിലവിൽ ബുക്കിങ് സംവിധാനത്തിൽ തടസ്സങ്ങളില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
English Summary: The Travancore Devaswom Board has decided to provide ₹2 lakh insurance cover to Sabarimala pilgrims in association with LIC. The benefit will apply to pilgrims arriving through virtual queue and spot booking systems, with coverage from the day before their arrival for three days. The board has also arranged additional seating, rest shelters, sanitation staff and digital payment facilities.
