ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച: ടൈമറുകളുള്ള ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി: ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

1 Min Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തിനിടെയുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടർന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

മെയ് 10-ന് നഗരപ്രാന്തത്തിലുള്ള ആർട്ട് ഓഫ് ലിവിംഗ് സെന്റർ സന്ദർശിക്കാൻ പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. സുരക്ഷാ പരിശോധനകൾക്കിടയിൽ പ്രദേശത്തുനിന്ന് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതാണ് പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി കണക്കാക്കുന്നത്.

ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നിലവിൽ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇത്തരം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകൾക്ക് വഴിമാറ്റിവെച്ചിരുന്നു.

സംഭവത്തെ തുടർന്ന് ബെംഗളൂരു സൗത്ത് ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ശ്രീനിവാസ് ഗൗഡയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും നാല് കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ള ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് ഈ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി സഞ്ചരിക്കാൻ നിശ്ചയിച്ചിരുന്ന പാതയിൽ നിന്നും അൽപ്പം മാറിയാണ് ഈ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

കഗ്ഗലിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടാറ്റഗുനിക്ക് സമീപം നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടയിലാണ് സർക്യൂട്ടുകളും ടൈമറുകളും ഘടിപ്പിച്ച നിലയിലുള്ള ജെലാറ്റിൻ സ്റ്റിക്കുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Share This Article