പത്തനംതിട്ട: ഓണാഘോഷം സജീവമായതോടെ വിപണിയിൽ ഓണപ്പൂക്കളുടെ വില കുതിച്ചുയർന്നു. ബന്തിപ്പൂവിന് കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയും ജമന്തിക്ക് 500 മുതൽ 600 രൂപ വരെയുമാണ് നിലവിലെ വില. മുൻവർഷങ്ങളെ അപേക്ഷിച്ച് പൂക്കളുടെ വില ഇരട്ടിയായതായി വ്യാപാരികൾ പറയുന്നു.
ഓണപ്പൂക്കളുടെ വില കുതിക്കാൻ മഴക്കെടുതിയും കാരണം
ഇത്തവണയുണ്ടായ മഴക്കെടുതിയാണ് ഓണപ്പൂക്കളുടെ വില ഉയരാൻ പ്രധാന കാരണങ്ങളിലൊന്നെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. ഓണം ലക്ഷ്യമിട്ട് ജില്ലയിൽ നിരവധി പേർ പൂക്കൃഷി നടത്തിയിരുന്നെങ്കിലും മിന്നൽ പ്രളയത്തിൽ വലിയ തോതിൽ കൃഷി നശിച്ചു.
അതേസമയം, മൈസൂർ, തെങ്കാശി, ബംഗളൂരു, ഹോസൂർ, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് പത്തനംതിട്ടയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്.
ഗതാഗതച്ചെലവും വിലവർധനയ്ക്ക് കാരണമായി
സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവും കയറ്റുമതി, ഇറക്കുമതി ചെലവുകളും വർധിച്ചതോടെ വിപണിവിലയും ഉയർന്നു.
കൂടാതെ, ഓണക്കാലത്തെ ഉയർന്ന ഡിമാൻഡ് മുതലെടുക്കാൻ വൻകിട വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും വിലവർധനയ്ക്ക് കാരണമാകുന്നതായി ആരോപണമുണ്ട്.
പൂക്കളുടെ ഇപ്പോഴത്തെ വില
- ബന്തി (ചെണ്ടുമല്ലി): ₹180–₹200
- ജമന്തി: ₹500–₹600
- വാടാമല്ലി: ₹200–₹250
- അരളി: ₹550
- റെഡ് റോസ്: ₹400–₹450
- ട്യൂബ് റോസ്: ₹650
കുടുംബശ്രീയിൽ ബന്തിപ്പൂവിന് കിലോയ്ക്ക് 150 രൂപ
വിപണിയിൽ വില കുതിക്കുമ്പോൾ കുടുംബശ്രീ കിലോയ്ക്ക് 150 രൂപയ്ക്കാണ് ബന്തിപ്പൂക്കൾ വിൽക്കുന്നത്. ഇതോടെ പൂക്കൾ വാങ്ങാൻ നിരവധി പേരാണ് കുടുംബശ്രീ യൂണിറ്റുകളെ സമീപിക്കുന്നത്.
ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ബന്തിപ്പൂക്കളാണ് കുടുംബശ്രീ അംഗങ്ങൾ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്.
വലിയ തുക ചെലവഴിച്ചാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ കേരളത്തിലെ വിപണിയിലെത്തിക്കുന്നത്. സ്ഥിരമായി പൂക്കൃഷി നടത്തുകയും കുടുംബശ്രീ യൂണിറ്റുകളെ പ്രയോജനപ്പെടുത്തുകയും ചെയ്താൽ വലിയ വിപണി ഉറപ്പാക്കാനാകുമെന്ന് എ.കെ.എഫ്.എം.എ സംസ്ഥാന സെക്രട്ടറി പ്രേംകുമാർ പറഞ്ഞു.
