തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമായി. തലസ്ഥാന ജില്ലയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ രാവിലെ ശക്തമായ മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകി.
കേരളത്തിൽ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത
വരും മണിക്കൂറുകളിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട നേരിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാവിലെ 8.30 വരെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
ചെറിയ വള്ളങ്ങൾ കടലിൽ ഇറക്കരുത്
കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
അതേസമയം, തിരമാല ശക്തമാകുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
ബീച്ചുകളിലെ വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കണം
ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായി ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കുകയും വേണം. ഇത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത കുറയ്ക്കും.
കൂടാതെ, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
