facebook

ഇടമലക്കുടിയിൽ തൊഴിലുറപ്പ് പണി മുടങ്ങി; കാരണം ഇന്റർനെറ്റില്ല

2 Min Read

കൊച്ചി: ഇന്റർനെറ്റ് ലഭ്യതക്കുറവ് മൂലം ഓൺലൈൻ മസ്റ്ററിംഗ് നടത്താനാകാതെ ഇടമലക്കുടിയിലെ തൊഴിലുറപ്പ് ജോലി പ്രതിസന്ധിയിലായി. ഓണം അടുത്തിട്ടും വരുമാനമാർഗം കണ്ടെത്താനാകാതെ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തിലെ തൊഴിലാളികൾ ദുരിതത്തിലാണ്. പണിസ്ഥലത്ത് നിന്ന് മുഖചിത്രം ഉൾപ്പെടെ എൻ.എം.എം.എസ് വഴി ഹാജർ രേഖപ്പെടുത്തിയാലേ ജോലി ചെയ്യാനാകൂ.

ഇടമലക്കുടിയിലെ തൊഴിലുറപ്പ് പണിക്ക് നെറ്റ്‌വർക്ക് തടസം

രാവിലെ പണിസ്ഥലത്ത് എത്തി നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്) വഴി മുഖചിത്രം ഉൾപ്പെടെ ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് തൊഴിലാളികൾക്ക് ജോലി ചെയ്യാനാകുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വി.ബി-ജി റാംജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ) ആയതോടെയാണ് തൊഴിലാളികളുടെ മസ്റ്ററിംഗ് ഓൺലൈനാക്കിയത്.

എന്നാൽ ഇന്റർനെറ്റ് ലഭ്യത വളരെ പരിമിതമായ ഇടമലക്കുടിയിൽ പുതിയ സംവിധാനം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

നെറ്റ്‌വർക്ക് കിട്ടാൻ 10 കിലോമീറ്റർ നടക്കണം

മൂവായിരത്തിൽ താഴെയാണ് ഇടമലക്കുടിയിലെ ജനസംഖ്യ. മുതിർന്നവരിൽ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാണ്. മറ്റ് തൊഴിൽ സാധ്യതകളും ഇവിടെ വളരെ കുറവാണ്.

14 വാർഡുകളുള്ള പഞ്ചായത്തിലെ ആസ്ഥാന വാർഡായ സൊസൈറ്റിക്കുടിയിലും സമീപത്തെ ഷെഡ് കുടിയിലും മാത്രമാണ് ഭാഗികമായി നെറ്റ്‌വർക്ക് ലഭിക്കുന്നത്.

അതുകൊണ്ട് ഈ രണ്ട് വാർഡുകളിലാണ് ഇപ്പോൾ തൊഴിൽ നടക്കുന്നത്. മറ്റ് വാർഡുകളിലെ തൊഴിലാളികൾക്ക് വനത്തിലൂടെ ഏകദേശം 10 കിലോമീറ്റർ നടന്ന് മസ്റ്ററിംഗ് നടത്തി വീണ്ടും ജോലി സ്ഥലത്തേക്ക് എത്തുക പ്രായോഗികമല്ല.

തൊഴിലില്ലായ്മ വേതനത്തിനും വ്യക്തതയില്ല

പദ്ധതി പ്രകാരം അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ട്. എന്നാൽ ഇതിന്റെ നിരക്കും വ്യവസ്ഥകളും സംബന്ധിച്ച ചട്ടം നിലവിൽ വന്നിട്ടില്ലെന്നാണ് വിവരം.

അതേസമയം, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയ പഞ്ചായത്താണ് ഇടമലക്കുടി.

വർഷങ്ങളായി ഇവിടുത്തെ കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗമാണ് തൊഴിലുറപ്പ്. വീട്ടുചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനുമുൾപ്പെടെ തൊഴിലാളികൾ ഈ വരുമാനത്തെയാണ് ആശ്രയിച്ചിരുന്നത്.

2,000ത്തിലേറെ പേർക്ക് തൊഴിൽ കാർഡ്

ഇടമലക്കുടിയിൽ 972 പുരുഷന്മാർക്കും 1,030 സ്ത്രീകൾക്കും തൊഴിലുറപ്പ് തൊഴിൽ കാർഡുണ്ട്.

തൊഴിൽ ദിനങ്ങളുടെ കണക്കിലും കുറവ് വ്യക്തമാണ്. 2023-24ൽ 63,864 തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2024-25ൽ ഇത് 61,736 ആയി.

2025-26ൽ തൊഴിൽ ദിനങ്ങൾ 54,121 ആയി കുറഞ്ഞു. 2026-27ലെ ആറ് മാസത്തെ കണക്കിൽ ഇതുവരെ 220 തൊഴിൽ ദിനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊഴിൽ ദിനങ്ങളും ചെലവും

  • 2023-24: 63,864 തൊഴിൽ ദിനങ്ങൾ — ₹3.126 കോടി
  • 2024-25: 61,736 തൊഴിൽ ദിനങ്ങൾ — ₹2.551 കോടി
  • 2025-26: 54,121 തൊഴിൽ ദിനങ്ങൾ — ₹2.40 കോടി
  • 2026-27: 220 തൊഴിൽ ദിനങ്ങൾ — ₹25.86 ലക്ഷം (ആറ് മാസത്തെ കണക്ക്)

Share This Article