facebook

വൈദ്യുതി കണക്ഷൻ എടുക്കാൻ ഇനി എത്ര രൂപ ? പുതിയ നിരക്ക് അറിയാം

3 Min Read

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ എടുക്കുമ്പോൾ പോസ്റ്റിനും കേബിളിനുമായി പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കി വലിയ തുക ഈടാക്കുന്ന രീതിക്ക് മാറ്റം. ഇനി കണക്ടഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കി സ്ഥിരം നിരക്ക് ഈടാക്കും.

പുതിയ വൈദ്യുതി കണക്ഷൻ നിരക്ക് ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് പുതിയ സർവീസ് കണക്ഷൻ ചാർജുകൾക്ക് അംഗീകാരം നൽകിയത്. കെഎസ്ഇബി സമർപ്പിച്ച ശുപാർശയിലെ ചില നിർദേശങ്ങൾ കമ്മിഷൻ അംഗീകരിച്ചില്ല.

200 മീറ്റർ വരെ പുതിയ നിരക്ക് ബാധകം

നിലവിലുള്ള വിതരണ ലൈനിൽ നിന്ന് 200 മീറ്റർ വരെ അകലെയുള്ള പുതിയ കണക്ഷനുകൾക്കാണ് പുതിയ വൈദ്യുതി കണക്ഷൻ നിരക്ക് ബാധകമാകുക.

അതേസമയം, വെതർപ്രൂഫ് കേബിളോ ലൈനോ ഉപയോഗിക്കുന്ന കണക്ഷനുകൾക്ക് 35 മീറ്റർ അധികദൂരം അനുവദിക്കും. പുതിയ കണക്ഷന് പോസ്റ്റ് ആവശ്യമായി വരുന്നവർക്കും പുതിയ നിരക്ക് ആശ്വാസമാകും.

ഗാർഹിക കണക്ഷന് 2000 രൂപ മുതൽ

ഗാർഹിക വിഭാഗത്തിലെ സിംഗിൾ ഫേസ് കണക്ഷന് 2 കിലോവാട്ട് വരെ 2000 രൂപയാണ് നിരക്ക്.

ഗാർഹിക വിഭാഗത്തിൽപ്പെടാത്ത സിംഗിൾ ഫേസ് കണക്ഷനിൽ ഒരു കിലോവാട്ട് വരെ 2500 രൂപയും 1 മുതൽ 2 കിലോവാട്ട് വരെ 3000 രൂപയുമാണ് ഈടാക്കുക.

കൂടാതെ, എല്ലാ വിഭാഗങ്ങൾക്കും സിംഗിൾ ഫേസ് കണക്ഷനിൽ 2 മുതൽ 5 കിലോവാട്ട് വരെ 5000 രൂപ നിരക്ക് ബാധകമാകും.

ത്രീ ഫേസ് കണക്ഷന്റെ നിരക്കുകൾ

ത്രീ ഫേസ് കണക്ഷനിൽ 5 മുതൽ 7 കിലോവാട്ട് വരെ 8000 രൂപയും 7 മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാണ് പുതിയ വൈദ്യുതി കണക്ഷൻ നിരക്ക്.

10 മുതൽ 30 കെവിഎ/കിലോവാട്ട് വരെ 1560 രൂപ വീതവും 40 മുതൽ 50 കെവിഎ/കിലോവാട്ട് വരെ 4225 രൂപ വീതവുമാണ് നിരക്ക്.

50 മുതൽ 100 കെവിഎ/കിലോവാട്ട് വരെ 5670 രൂപ/കെവിഎ/കിലോവാട്ട് എന്ന നിരക്കും നിശ്ചയിച്ചിട്ടുണ്ട്.

സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസിലേക്ക് മാറ്റാനും നിരക്ക്

കണക്ട് ലോഡിലെ മാറ്റമില്ലാതെ നിലവിലുള്ള സിംഗിൾ ഫേസ് കണക്ഷൻ ത്രീ ഫേസിലേക്ക് മാറ്റുന്നതിന് ഒരു കിലോവാട്ടിന് 700 രൂപ ഈടാക്കും.

എന്നാൽ, കണക്ഷൻ മാറ്റുന്നതിനൊപ്പം കണക്ടഡ് ലോഡും മാറുന്ന സാഹചര്യമുണ്ടെങ്കിൽ വ്യത്യസ്ത നിരക്കുകൾ ബാധകമാകും. 10 കിലോവാട്ട് വരെ ലോഡാണെങ്കിൽ കമ്മിഷൻ അംഗീകരിച്ച സ്ലാബ് നിരക്ക് ഈടാക്കും.

10 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകളിൽ കണക്ടഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള നിരക്കായിരിക്കും ബാധകമാകുക.

എച്ച്‌ടി കണക്ഷനും പുതിയ നിരക്ക്

റിങ്യൂ മെയിൻ യൂണിറ്റ് (ആർഎംയു) ഇല്ലാത്ത എച്ച്‌ടി കണക്ഷന് 1800 രൂപ/കെവിഎ/കിലോവാട്ട് എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു കണക്ഷന് പരമാവധി 5 ലക്ഷം രൂപയാണ് ഈടാക്കുക. ഇതോടെ പുതിയ കണക്ഷനുകളുടെ നിരക്ക് കണക്ടഡ് ലോഡിനും കണക്ഷന്റെ വിഭാഗത്തിനും അനുസരിച്ച് നിശ്ചയിക്കുന്ന രീതിയിലേക്ക് മാറും.

English summary:The Kerala Electricity Regulatory Commission has approved a new fixed-rate system for electricity service connection charges. From October 12, charges will be based on connected load or contract demand instead of preparing separate estimates for poles and cables. The new rates will apply to connections located up to 200 metres from the existing distribution line, with an additional 35 metres allowed for weatherproof cables or lines. Different rates have been fixed for domestic, non-domestic, single-phase, three-phase and HT connections.

Share This Article