facebook

മോദിയുടെ വിദേശ സന്ദർശനങ്ങൾ; 2021-26 കാലത്ത് ₹558.01 കോടി ചെലവ്, നിക്ഷേപവും നയതന്ത്ര നേട്ടങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രം

2 Min Read

ന്യൂഡൽഹി: 2021 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയാണ് ഡോ. വി. ശിവദാസൻ, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഈ വിവരം നൽകിയത്.

പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദർശനത്തിന്റെയും വർഷം തിരിച്ചുള്ള ചെലവും യാത്രകളുടെ വിവരങ്ങളും സർക്കാർ രാജ്യസഭയിൽ സമർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ വിശദീകരണമനുസരിച്ച്, ഈ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ സാധ്യതകൾ വികസിപ്പിക്കുന്നതിനും നിർണായക പങ്കുവഹിച്ചു.

2026 ഫെബ്രുവരി മുതൽ ജൂലൈ വരെ നടന്ന വിദേശ സന്ദർശനങ്ങൾക്കായി 74.59 കോടി രൂപ ചെലവഴിച്ചു. മലേഷ്യ, ഇസ്രയേൽ, യു.എ.ഇ, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങളാണ് ഇതിൽ ഉൾപ്പെട്ടത്. നോർവേ സന്ദർശനത്തിനാണ് ഏറ്റവും കൂടുതൽ ചെലവായത് (17.46 കോടി രൂപ). തുടർന്ന് ഇസ്രയേൽ (11.92 കോടി), സീഷെൽസ് (8.22 കോടി), സ്വീഡൻ (6.33 കോടി), മലേഷ്യ (5.57 കോടി), ന്യൂസിലാൻഡ് (5.44 കോടി) എന്നിവയാണ്.

2025-ലാണ് വിദേശ സന്ദർശന ചെലവ് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്. ആ വർഷം മാത്രം 187.83 കോടി രൂപ ചെലവഴിച്ചു. ഫ്രാൻസ് (25.60 കോടി), ബ്രസീൽ (17.72 കോടി), അമേരിക്ക (16.56 കോടി), സൗദി അറേബ്യ (15.54 കോടി), ചൈന (10.60 കോടി), യു.കെ. (9.92 കോടി) എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളാണ് പ്രധാന ചെലവുകൾ.

2024-ൽ 109.51 കോടി രൂപയാണ് വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത്. അമേരിക്കൻ സന്ദർശനത്തിന് 15.34 കോടിയും ഇറ്റലി സന്ദർശനത്തിന് 14.37 കോടിയും ചെലവായി. റഷ്യ (10.75 കോടി), പോളണ്ട് (10.10 കോടി), സിംഗപ്പൂർ (7.75 കോടി) എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്കും ഗണ്യമായ തുക ചെലവഴിച്ചതായി സർക്കാർ വ്യക്തമാക്കി.

വിദേശ സന്ദർശനങ്ങളിലൂടെ സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം ഉൾപ്പെടെയുള്ള മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് 381.8 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം (FDI) ലഭിച്ചതായും സർക്കാർ രാജ്യസഭയെ അറിയിച്ചു.

Share This Article