തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വേഗത്തിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയ്ഡിനെ തുടർന്ന് മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലുള്ള 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
വീണ ടി.യുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലുള്ള തുകയും കണ്ടുകെട്ടൽ നടപടികളുടെ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം. ഇതിനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ ഏജൻസി തയ്യാറെടുക്കുന്നത്.
റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകൾ തുടർന്നും കൈവശം വയ്ക്കുന്നതിനുള്ള അനുമതിയും ഇഡി തേടും. ചോദ്യം ചെയ്യലിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എഫ്ഐആർ ഇല്ലാതെയും അന്വേഷണം നടത്താനും സ്വത്ത് കണ്ടുകെട്ടാനും സാധിക്കുമെന്ന കോടതി നിരീക്ഷണം ഇഡിയുടെ നടപടികൾക്ക് കൂടുതൽ ബലം നൽകുന്നതായാണ് വിലയിരുത്തൽ.
ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനമായതായും റിപ്പോർട്ടുകളുണ്ട്. അടുത്ത ഘട്ടത്തിൽ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയും, അതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ തുടർ നിയമനടപടികളിലേക്ക് കടക്കാനും ഇഡിക്ക് സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ആഭ്യന്തര രേഖ മാത്രമാണെന്നും അത് നിയമപരമായി നിർബന്ധിത രേഖയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതും കേസിലെ ശ്രദ്ധേയമായ സംഭവവികാസമായി കണക്കാക്കപ്പെടുന്നു.
English Summary
The Enforcement Directorate (ED) has initiated proceedings to attach ₹18.36 crore frozen in 242 bank accounts in connection with the CMRL–Exalogic monthly payment case. Veena T.’s HDFC bank account and locker are also under scrutiny. Following a High Court ruling allowing the ED to continue its probe, the agency has accelerated the investigation and is expected to question key individuals in the coming days.
