തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷനുകൾക്ക് ചില ഇളവുകൾ അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം വാഹനപ്രേമികളിൽ വലിയ പ്രതീക്ഷ ഉയർത്തിയിരുന്നെങ്കിലും പുറത്തുവന്ന ശുപാർശകൾ നിരാശയുണ്ടാക്കിയിരിക്കുകയാണ്. സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ഡോർ വൈസർ, മഡ് ഫ്ലാപ്, ടോ ഹൂക്ക് തുടങ്ങിയ പരിമിതമായ മാറ്റങ്ങൾക്കാണ് നിയമപരമായ അംഗീകാരം നൽകാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
സൈലൻസർ മാറ്റം, എൽഇഡി ലൈറ്റുകൾ, അലോയ് വീലുകൾ, വീതിയേറിയ ടയറുകൾ, ഹാൻഡിൽബാർ രൂപമാറ്റം, ബോഡി കിറ്റുകൾ, സ്പോയിലറുകൾ, പെർഫോമൻസ് ട്യൂണിംഗ്, സസ്പെൻഷൻ ഉയർത്തൽ-താഴ്ത്തൽ തുടങ്ങിയ വാഹനപ്രേമികൾ ഏറെ പ്രതീക്ഷിച്ചിരുന്ന മോഡിഫിക്കേഷനുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ മോഡിഫിക്കേഷനുകൾക്ക് ഇളവ് നൽകുമെന്ന വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അപകടസാധ്യത വർധിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുമതിയില്ലെന്നും സുരക്ഷിതമായ പരിഷ്കാരങ്ങൾ മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതി വിധികളും നിലനിൽക്കുന്നതിനാൽ വാഹനങ്ങളുടെ അടിസ്ഥാന ഘടനയിലും സുരക്ഷാ സംവിധാനങ്ങളിലും മാറ്റം വരുത്തുന്നത് നിയമപരമായി അനുവദനീയമല്ല. ഇത്തരം മാറ്റങ്ങൾ ഇൻഷുറൻസ് ക്ലെയിമുകൾ നഷ്ടപ്പെടാനും കനത്ത പിഴകൾക്കും ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവാരമില്ലാത്ത സീറ്റ് കവറുകൾ എയർബാഗുകളുടെ പ്രവർത്തനത്തെ ബാധിക്കാനും, ഫ്ലോർ മാറ്റുകൾ പെഡലുകളിൽ കുടുങ്ങി അപകടമുണ്ടാക്കാനും, അമിതപ്രകാശമുള്ള ഇന്റീരിയർ ലൈറ്റുകൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ ഭംഗിയെക്കാൾ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന സന്ദേശമാണ് പുതിയ മാർഗനിർദേശങ്ങൾ നൽകുന്നത്.
English Summary
Kerala’s proposed relaxation on vehicle modifications has disappointed many automobile enthusiasts. While the Motor Vehicles Department recommends allowing minor changes such as seat covers, floor mats, steering wheel covers, door visors, and tow hooks, major modifications like altered exhausts, performance tuning, alloy wheel upgrades, suspension changes, body kits, and high-intensity lighting remain prohibited.
The government maintains that road safety remains the priority. Existing central motor vehicle rules and Supreme Court rulings continue to restrict modifications that affect a vehicle’s structural integrity or safety features. Experts also warn that unauthorized modifications can lead to insurance claim rejections, penalties, and increased accident risks.
