കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ ഉണ്ടായ അനാസ്ഥ മൂലം നവജാത ശിശുവിന്റെ വലതുകൈയിലെ എല്ല് പൊട്ടിയതായി കുടുംബത്തിന്റെ പരാതി. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ സുജിൻ–അമല ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റതെന്നാണ് ആരോപണം.
മെയ് 14-ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റതെന്നാണ് കുടുംബം പറയുന്നത്. മാതാപിതാക്കളെ കുഞ്ഞിനെ കാണിക്കുന്നതിന് മുമ്പ് തന്നെ കൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പ്രസവത്തിന് പിന്നാലെ ഇട്ട പ്ലാസ്റ്റർ രണ്ടാം ദിവസം അഴിഞ്ഞുവീണതായും തുടർന്ന് കുഞ്ഞ് വേദന കാരണം കരഞ്ഞിരുന്നെങ്കിലും ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും അമ്മ അമല ആരോപിച്ചു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയെ സമീപിച്ചതെന്നും കുടുംബം പറയുന്നു.
ചികിത്സ വൈകിയതിനാൽ കുഞ്ഞിന്റെ കൈയിലെ എല്ല് സ്ഥാനം തെറ്റിയതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പരാതിയിൽ ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. പരാതി സംബന്ധിച്ച് അന്വേഷണം നടക്കാനാണ് സാധ്യത.
English Summary
A family has alleged medical negligence at Kozhikode Medical College Hospital after a newborn baby’s right arm was reportedly fractured during delivery. The infant, born to Sujin and Amala on May 14, allegedly suffered the injury while being delivered. The family claims the baby’s arm was plastered before they were informed and that doctors failed to provide timely attention after the plaster came off. They later sought treatment at a private hospital and allege that delayed care worsened the injury. Complaints have been filed with the Medical College Superintendent and the police.
