തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനും പാർട്ടി നേതാക്കൾക്കും തിരിച്ചടിയായി പിഎംഎൽഎ കോടതിയുടെ നടപടി. കേസിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാദങ്ങൾ പരിഗണിച്ച കോടതി 28 പ്രതികൾക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു.
ബിഎൻഎസ്എസ് വ്യവസ്ഥകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണയ്ക്ക് മുമ്പ് പ്രതികളുടെ വാദം കോടതി കേട്ടിരുന്നു. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കോടതി ഈ വാദം തള്ളുകയായിരുന്നു.
കേസിൽ ആകെ 83 പ്രതികളാണുള്ളത്. ഇതിൽ 28 പേർക്കെതിരെ വിചാരണ തുടരാൻ മതിയായ അടിസ്ഥാനമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ ബാങ്കിന്റെ ഭരണസമിതിയുമായി ബന്ധപ്പെട്ട 53 പേർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നതും അതിലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതുമാണ്.
സിപിഎമ്മിന്റെ മുൻ തൃശൂർ ജില്ലാ സെക്രട്ടറിമാരായ കെ. സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം. എം. വർഗീസ് ഉൾപ്പെടെയുള്ള നേതാക്കളാണ് സമൻസ് ലഭിച്ചവരിൽ പ്രധാനികൾ. 2012-13 കാലഘട്ടത്തിൽ ബാങ്കിലെ ക്രമക്കേടുകൾക്ക് തുടക്കമായെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
നിയമവിരുദ്ധമായി വായ്പകൾ അനുവദിച്ചതും ഒരേ ഈടിന്മേൽ ഒന്നിലധികം വായ്പകൾ നൽകിയതും ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. പാർട്ടി ഓഫീസിനായി ഭൂമി വാങ്ങാനും കെട്ടിട നിർമാണത്തിനുമായി ഈ പണം ഉപയോഗിച്ചെന്ന ആരോപണവും അന്വേഷണ ഏജൻസി മുന്നോട്ടുവയ്ക്കുന്നു.
English Summary
The PMLA Court has issued summons to 28 accused in the Karuvannur Cooperative Bank money laundering case, marking a setback for the CPM and several of its leaders. The court rejected the accused persons’ argument that there was no prima facie case against them and held that sufficient grounds exist for proceedings against 28 individuals. Those named reportedly include senior CPM leaders such as K.C. Moideen, K. Radhakrishnan, and M.M. Varghese. The Enforcement Directorate alleges that financial irregularities, including improper loan sanctions and multiple loans against the same collateral, began during the CPM-led administration of the bank.
