കോഴിക്കോട്: പണം നൽകിയാൽ മണിപ്പുർ സർവകലാശാല ഡോക്ടറേറ്റ് സംഘടിപ്പിച്ചുനൽകാമെന്ന വാഗ്ദാനവുമായി സംഘം കേരളത്തിൽ ഇടപെട്ടതായി പരാതി. സർവകലാശാലയുടെ ഔദ്യോഗിക നടപടികളൊന്നും ആവശ്യമില്ലെന്നും അപേക്ഷയും തുടർനടപടികളും തങ്ങൾ കൈകാര്യം ചെയ്യുമെന്നും പറഞ്ഞാണ് കോഴിക്കോട് സ്വദേശിനിയായ സാമൂഹികപ്രവർത്തകയെ സംഘം സമീപിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സമിതിയെന്ന പേരിലാണ് സംഘം ഇവരെ സമീപിച്ചത്. മണിപ്പുരിലേക്ക് പോകാതെ കേരളത്തിൽ തന്നെ സർട്ടിഫിക്കറ്റ് കൈമാറാമെന്നും സംഘം വാഗ്ദാനം ചെയ്തതായി സാമൂഹികപ്രവർത്തക പറയുന്നു.
മണിപ്പുർ സർവകലാശാല ഡോക്ടറേറ്റിന് രേഖകൾ ആവശ്യപ്പെട്ടു
ബയോഡാറ്റ, ലഭിച്ച പുരസ്കാരങ്ങളുടെ വിവരങ്ങൾ, സാമൂഹികപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ എന്നിവയ്ക്കൊപ്പം ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകളും സംഘം ആവശ്യപ്പെട്ടു.
അപേക്ഷയും തുടർനടപടികളും തങ്ങൾ തന്നെ കൈകാര്യം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. രേഖകൾ കൈമാറിയതിന് പിന്നാലെ സമാനമായി ഡോക്ടറേറ്റ് വാഗ്ദാനം ലഭിച്ചവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ ഉന്നത പദവികളിൽനിന്ന് വിരമിച്ചവരും
മലയാളികൾ മാത്രമുണ്ടായിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉന്നത പദവികളിൽനിന്ന് വിരമിച്ചവർ ഉൾപ്പെടെ നിരവധി പേർ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.
ഇവരിൽനിന്ന് സംഘം പണം വാങ്ങിയതായും പറയുന്നു. എന്നാൽ, വിശ്വാസ്യത ഉറപ്പാക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയായ സാമൂഹികപ്രവർത്തകയിൽനിന്ന് പണം വാങ്ങിയില്ലെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരത്ത് സർട്ടിഫിക്കറ്റ് വിതരണം
അപേക്ഷ നൽകി അഞ്ച് മാസത്തിനകം സാമൂഹികപ്രവർത്തനത്തിനുള്ള ഓണററി ഡോക്ടറേറ്റ് ലഭിച്ചതായാണ് സംഘം അറിയിച്ചത്. തുടർന്ന് ഏപ്രിലിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബിരുദദാനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും പറയുന്നു.
എന്നാൽ, മണിപ്പുർ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകാനെത്തിയ വ്യക്തിയെ ഡൽഹി സർവകലാശാലയുടെ ചെയർമാനാണെന്നാണ് പരിചയപ്പെടുത്തിയതെന്ന് സാമൂഹികപ്രവർത്തക ആരോപിച്ചു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മണിപ്പുർ സർവകലാശാലയിലെ അധികൃതർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സമയമില്ലെന്നായിരുന്നു സംഘത്തിന്റെ വിശദീകരണം. ചടങ്ങിന് പിന്നാലെ വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടതോടെ സംഘം പിന്നീട് ബന്ധപ്പെടാതായതും സംശയം വർധിപ്പിച്ചു.
പണം നൽകി ഓണററി ഡോക്ടറേറ്റ് നേടാനാകില്ല
ഓണററി ഡോക്ടറേറ്റ് പണം നൽകി സ്വന്തമാക്കുന്ന ബിരുദമല്ല. വ്യക്തികളുടെ സംഭാവനകളും നേട്ടങ്ങളും പരിഗണിച്ച് സർവകലാശാലകൾ ഔദ്യോഗികമായി നൽകുന്ന ബഹുമതിയാണിത്.
മണിപ്പുർ സർവകലാശാലയുടെ നടപടിക്രമമനുസരിച്ച് അക്കാദമിക് കൗൺസിലാണ് ആദ്യം ഓണററി ഡോക്ടറേറ്റിനുള്ള ശുപാർശ നൽകേണ്ടത്. തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ നിർദേശം പരിഗണിക്കും.
യോഗത്തിൽ ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമാണ് നിർദേശം വിസിറ്റർക്ക് സമർപ്പിക്കുക. ഇതിന് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് കടക്കുന്നത്.
സർവകലാശാലയ്ക്ക് പുറത്തുള്ള സംഘങ്ങൾക്ക് അധികാരമില്ല
സർവകലാശാലയ്ക്ക് പുറത്തുള്ള ഏതെങ്കിലും സംഘടനയ്ക്കോ സമിതിക്കോ ഓണററി ഡോക്ടറേറ്റ് ഉറപ്പുനൽകാനോ ഔദ്യോഗികമായി അനുവദിക്കാനോ അധികാരമില്ലെന്നാണ് ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്നത്.
പണം നൽകി സ്വന്തമാക്കുന്ന ഇത്തരം ഡോക്ടറേറ്റുകൾക്ക് ഔദ്യോഗിക അംഗീകാരമുണ്ടാകില്ലെന്ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.
ഡോക്ടറേറ്റ് വിൽപ്പനയാക്കി നടത്തുന്ന സംഘങ്ങൾ നിരവധിയുണ്ടെന്നും ഇത്തരം സർട്ടിഫിക്കറ്റുകൾ പ്രായോഗികമായി ഉപകാരപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
