facebook

മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘർഷാവസ്ഥ

1 Min Read

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. വിദ്യാർഥികൾ ബാനറുകളുമായി രംഗത്തെത്തിയതോടെ ചടങ്ങിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തു. ഒടുവിൽ പൊലീസിന്റെ സുരക്ഷയിൽ മന്ത്രി വേദി വിട്ടു.

16 വിദ്യാർഥികളുടെ സസ്പെൻഷൻ; മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

കാലടി സർവകലാശാലയിൽ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 16 വിദ്യാർഥികളെ 60 ദിവസമായി സസ്പെൻഡ് ചെയ്ത നടപടിയാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. വിദ്യാർഥികളെക്കുറിച്ച് മന്ത്രി നടത്തിയ പരാമർശങ്ങൾ അപഹാസ്യവും അപമാനകരവുമാണെന്നും അവ പിൻവലിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

വൈസ് ചാൻസലറെ ശവമഞ്ചത്തിൽ കിടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്എഫ്ഐ ആരോപിച്ചു. നാടകാവതരണത്തിന്റെ ഭാഗമായി ഉപയോഗിച്ച പ്രോപ്പർട്ടി മാത്രമായിരുന്നുവെന്ന് വ്യക്തമായിട്ടും മന്ത്രി നിലപാട് തിരുത്തിയില്ലെന്നാണ് സംഘടനയുടെ വാദം. വിദ്യാർഥികളെ അപരിഷ്കൃതരെന്ന് മന്ത്രി വിശേഷിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായി.

മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ; വേദിയിൽ വാക്കേറ്റം

മന്ത്രി ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകരും കോളജ് യൂണിയൻ പ്രതിനിധികളും ബാനറുകളുയർത്തി പ്രതിഷേധിച്ചത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇത്തരം സമരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു തുടക്കത്തിൽ മന്ത്രിയുടെ പ്രതികരണം.

പിന്നീട് കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൻ നഫീസത്ത് മുസ്‌ലിയാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിന് വേദിയിൽവെച്ചുതന്നെ മറുപടി നൽകണമെന്നായിരുന്നു ആവശ്യം.

ചടങ്ങ് അവസാനിച്ചശേഷം വിശദമായി മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും ഉടൻ മറുപടി വേണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. ഇതിനിടെ വൈസ് ചെയർപേഴ്സൻ വേദിയിലേക്ക് കയറിയതും മൈക്കിലൂടെ സംസാരിക്കാൻ ശ്രമിച്ച വിദ്യാർഥിയുടെ മൈക്ക് ഓഫ് ചെയ്തതും തർക്കം രൂക്ഷമാക്കി.

തുടർന്ന് വേദിക്ക് സമീപം പ്രവർത്തകരും മറ്റുള്ളവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥയ്ക്കിടെ പൊലീസ് സുരക്ഷയിലാണ് മന്ത്രി വേദി വിട്ടത്.

Share This Article