ക്രാമറ്റോർസ്ക് :കിഴക്കൻ യുക്രെയ്നിലെ ക്രാമറ്റോർസ്കിൽ യാത്രാബസുകൾക്ക് നേരെ റഷ്യ നടത്തിയ ശക്തമായ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
വ്യാഴാഴ്ച രാവിലെയാണ് ജനവാസ മേഖലയെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ആക്രമണമുണ്ടായതെന്ന് ഡൊണെട്സ്ക് റീജനൽ പ്രോസിക്യൂട്ടർ ഓഫിസ് സ്ഥിരീകരിച്ചു.യാത്രക്കാരുമായി റോഡിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്.
സമീപത്തെ അപ്പാർട്മെന്റ് സമുച്ചയത്തിനും കനത്ത നാശനഷ്ടമുണ്ടായി. ആക്രമണത്തിന് പിന്നാലെ കത്തിയ ബസുകളുടെയും സംഭവസ്ഥലത്തിന്റെയും ദൃശ്യങ്ങൾ യുക്രെയ്ൻ അധികൃതർ പുറത്തുവിട്ടു.
പൊതുഗതാഗത സംവിധാനങ്ങൾ ലക്ഷ്യമിട്ടെന്ന് ആരോപണം
സാധാരണക്കാരെ പരമാവധി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ പൊതുഗതാഗത സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഡൊണെട്സ്ക് റീജനൽ ഗവർണർ വാദിം ഫിലാഷ്കിൻ ആരോപിച്ചു. യാത്രക്കാർ നിറഞ്ഞ ബസുകളെ ലക്ഷ്യമിട്ടത് ഒരൊറ്റ ആക്രമണത്തിൽ കൂടുതൽ ആളുകളെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധനിയമങ്ങളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും ലംഘിച്ച് സാധാരണക്കാർക്ക് പരമാവധി ദുരിതം സൃഷ്ടിക്കാനാണ് റഷ്യൻ സൈന്യം ശ്രമിക്കുന്നതെന്നും ഗവർണർ ആരോപിച്ചു. സംഭവത്തിൽ യുദ്ധക്കുറ്റത്തിന് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു.
ക്രാമറ്റോർസ്കിലും സ്ലോവിയൻസ്കിലും ബസ് സർവീസ് നിർത്തി
തുടർ ആക്രമണ സാധ്യത കണക്കിലെടുത്ത് ക്രാമറ്റോർസ്കിലും സമീപ നഗരമായ സ്ലോവിയൻസ്കിലും പൊതുഗതാഗത സർവീസുകൾ അടിയന്തരമായി നിർത്തിവച്ചു. യുദ്ധമുഖത്തിന് സമീപമുള്ള പ്രധാന സൈനിക-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലൊന്നാണ് ക്രാമറ്റോർസ്ക്.
റഷ്യൻ സേന നഗരത്തിന്റെ അതിർത്തികളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ സാധാരണക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുക്രെയ്നിലുടനീളം വ്യോമാക്രമണം തുടരുന്നു
വടക്കൻ നഗരമായ പ്രിലൂക്കിയിലെ ഫ്ലാറ്റ് ഉൾപ്പെടെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസവും 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രാമറ്റോർസ്കിൽ പുതിയ ആക്രമണമുണ്ടായത്.
തലസ്ഥാനമായ കീവിൽ വ്യാഴാഴ്ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
English SummaryA Russian glide bomb attack on two passenger buses in Kramatorsk, eastern Ukraine, killed 30 people and seriously injured 18 others, according to the Donetsk Regional Prosecutor’s Office. Ukrainian officials said the attack targeted a populated area and civilian passengers. Public transport services were suspended in Kramatorsk and nearby Sloviansk amid fears of further attacks.
