facebook

കാൻസർ മരുന്നുകളുടെ വില കുറയും; ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തി കേന്ദ്രം

2 Min Read

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി. നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ (NLEM) ഉൾപ്പെടാത്ത സ്വകാര്യ, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. പുതിയ പരിധി നിലവിൽ വരുന്നതോടെ വിപണിയിലെ കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

രോഗികൾക്ക് പ്രതിവർഷം 2,500 കോടിയുടെ ലാഭം

തീരുമാനത്തിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 35 പേറ്റൻടുള്ള മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ മരുന്നുകൾക്ക് പുതിയ ഉത്തരവ് നേരിട്ട് ഗുണം ചെയ്യും.

നിർമാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും ഉപഭോക്താക്കൾക്ക് മരുന്നുകൾ വിൽക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുകയാണ് നടപടിയുടെ ലക്ഷ്യം.

NLEM പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്കും നിയന്ത്രണം

നേരത്തെ നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ ഉൾപ്പെട്ട 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവിലൂടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ ട്രേഡ് മാർജിനും നിയന്ത്രണവിധേയമാകും.

വിതരണക്കാരും ആശുപത്രികളും ഈടാക്കുന്ന ഉയർന്ന ലാഭവിഹിതം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കാനും നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.

സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ നടപടി

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന ലാഭവിഹിതവും അമിതവിലയും നിയന്ത്രിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം.

English Summary : The Central Government has decided to cap the trade margin of cancer medicines not covered under the National List of Essential Medicines at 30 percent. The move is expected to reduce the maximum retail prices of some cancer medicines by up to 70 percent and provide annual savings of around ₹2,500 crore to patients.

Share This Article