തിരുവനന്തപുരം: കെഎംഎസ്‌സിഎൽ മരുന്നുകൾ കാലഹരണപ്പെട്ടു. സർക്കാർ ആശുപത്രികളിലെ രോഗികൾക്കായി വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ശസ്ത്രക്രിയാ സാമഗ്രികളും ഉപയോഗിക്കാനാകാതെ നശിച്ചതായി പ്രാഥമിക കണ്ടെത്തൽ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നവയുടെ മൂല്യം ഏകദേശം 50 കോടിയോളം രൂപ വരുമെന്നാണ് വിവരം.
50 കോടിയോളം രൂപയുടെ മരുന്നുകൾ നശിച്ചതായി പ്രാഥമിക വിലയിരുത്തൽ
സംഭവം പുറത്തുവന്നതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് നിർദേശം നൽകി. മരുന്നുകൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും പുറമേ കോവിഡ് കാലത്ത് വാങ്ങിയ പി.പി.ഇ കിറ്റുകളും വിവിധ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഗോഡൗണുകളിൽ കാലാവധി കഴിഞ്ഞ മരുന്നുകളും ചികിത്സാ സാമഗ്രികളും അലക്ഷ്യമായി കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംഭരണവും വിതരണവും പരിശോധിക്കാൻ നിർദേശം
മരുന്നുകളുടെ സംഭരണം, ഗോഡൗൺ സംവിധാനം, വിതരണം എന്നിവയിൽ കെഎംഎസ്‌സിഎല്ലിന് ഉണ്ടായ വീഴ്ചകൾ വിശദമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
കൂടാതെ, കാലഹരണപ്പെട്ട മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാൻ ഇതുവരെ ചെലവഴിച്ച തുകയും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് തെളിവുസഹിതം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
10 വർഷത്തെ ഇടപാടുകൾ അന്വേഷണ പരിധിയിൽ
പൊതുപണം പാഴാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
കെഎംഎസ്‌സിഎല്ലിന്റെ കഴിഞ്ഞ 10 വർഷത്തെ എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. കാലഹരണപ്പെട്ട മരുന്നുകളുടെ അളവ്, സാമ്പത്തിക നഷ്ടം, സംഭരണത്തിലെ വീഴ്ചകൾ, മരുന്നുകൾ കാലഹരണപ്പെടാൻ ഇടയായ സാഹചര്യങ്ങൾ എന്നിവയും വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതോടൊപ്പം, ഭാവിയിൽ ഇത്തരം പാഴ്ചെലവുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ശുപാർശകളും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
