ന്യൂഡൽഹി: വർഷങ്ങളായി മുടങ്ങിക്കിടന്ന കിഷൗ മൾട്ടിപർപ്പസ് ഡാം പദ്ധതിക്ക് വീണ്ടും വേഗം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നീ ആറ് സംസ്ഥാനങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം.
ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ധാരണ യാഥാർഥ്യമായതോടെ വർഷങ്ങളായി നീണ്ടുനിന്ന സംസ്ഥാനങ്ങൾ തമ്മിലുള്ള ജലവിഹിത തർക്കങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
എന്താണ് കിഷൗ ഡാം പദ്ധതി?
ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ടോൺസ് നദിയിൽ അണക്കെട്ടും ജലസംഭരണിയും നിർമിക്കുന്നതാണ് കിഷൗ പദ്ധതി. യമുനയുടെ പ്രധാന പോഷകനദികളിലൊന്നാണ് ടോൺസ്.
ജലസംഭരണം, ജലസേചനം, വൈദ്യുതി ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിയന്ത്രിതമായി വെള്ളം യമുനയിലേക്ക് ഒഴുക്കുന്നതിലൂടെ നദിയിലെ നീരൊഴുക്ക് വർധിപ്പിക്കാനും യമുനയുടെ പുനരുജ്ജീവനത്തിന് സഹായിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാനങ്ങൾക്ക് അധിക ജലലഭ്യത
പദ്ധതി യാഥാർഥ്യമായാൽ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവയ്ക്ക് അധിക ജലലഭ്യത ലഭിക്കും. കണക്കുകൾ പ്രകാരം വിവിധ സംസ്ഥാനങ്ങൾക്കും ഡൽഹിക്കും ലഭിക്കുന്ന അധിക ജലവിഹിതം ഇങ്ങനെയാണ്:
- ഹരിയാന: 836 ക്യൂസെക്
- ഉത്തർപ്രദേശ്: 543.2 ക്യൂസെക്
- രാജസ്ഥാൻ: 163.52 ക്യൂസെക്
- ഡൽഹി: 105.28 ക്യൂസെക്
കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലലഭ്യത വർധിപ്പിക്കുന്നതിനൊപ്പം ജലവൈദ്യുതി ഉത്പാദനത്തിനും പദ്ധതി സഹായകമാകും.
90 ശതമാനം ചെലവ് കേന്ദ്രം വഹിക്കും
പദ്ധതിയുടെ ജലഘടകവുമായി ബന്ധപ്പെട്ട ചെലവിന്റെ 90 ശതമാനം കേന്ദ്രസർക്കാർ വഹിക്കും. ശേഷിക്കുന്ന 10 ശതമാനം ആറ് സംസ്ഥാനങ്ങൾ പങ്കിടും.
അതേസമയം, ഹിമാചൽ പ്രദേശിന്റെ ജലവിഹിതം സംബന്ധിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ഹിമാചലിന് അനുവദിച്ച ജലവിഹിതം ഡൽഹിക്കും രാജസ്ഥാനും നൽകും. ഇതിന് പകരമായി ഹിമാചലിന്റെ വൈദ്യുതി ഘടകവുമായി ബന്ധപ്പെട്ട ചെലവിൽ ഇരു സംസ്ഥാനങ്ങളും പങ്കാളികളാകും.
ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ആറ് സംസ്ഥാനങ്ങൾ തമ്മിലുള്ള നീണ്ടുനിന്ന തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിൽ പുതിയ ധാരണ നിർണായകമായേക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണയ്ക്ക് പിന്നാലെ ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമാണ് പദ്ധതിയുടെ പ്രധാന ഘട്ടം.
അംഗീകാരം ലഭിക്കുന്നതോടെ വർഷങ്ങളായി മന്ദഗതിയിലായിരുന്ന കിഷൗ മൾട്ടിപർപ്പസ് ഡാം പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
