കൊടുങ്ങല്ലൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധമായ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. ‘കെജിഎഫ് സ്വാമി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പത്തനംതിട്ട മാധവമംഗലം സ്വദേശി ഷാജി (61) യെയാണ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇതേ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പരാതിക്കാരെ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.
അറസ്റ്റിനിടെ പ്രതിയുടെ കൈവശം നിന്ന് ഒരു വലിയ കത്തി, ഏകദേശം ഒരു കിലോ തൂക്കമുള്ള വ്യാജ സ്വർണക്കട്ടി, ഒമ്പത് മാലകൾ, അഞ്ച് വളകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇവ സ്വർണഖനിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന യഥാർഥ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പിന്റെ പ്രധാന ആയുധമായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും സമാന തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
English Summary:
A 61-year-old man known as “KGF Swami” has been arrested for allegedly cheating people by promising pure gold bars at prices lower than market rates. Police seized a fake gold bar weighing around one kilogram, jewellery items, and a knife from his possession. Investigators suspect that several people across Kerala may have fallen victim to the scam.
