ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പ്രഖ്യാപിച്ചു; മരം വീണ് നാശനഷ്ടങ്ങൾ, ജനങ്ങൾക്ക് ജാഗ്രത നിർദേശം

2 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ മഴക്കാല സീസണിലെ ആദ്യ റെഡ് അലർട്ടാണിത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളും ചില ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ടിനു, മക്കളായ എബിൾ, ബ്രയാൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

കോഴിക്കോട് നഗരത്തിലും രാവിലെ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. പത്ത് മണിയോടെ വീശിയ കാറ്റിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കിഡ്സൺ കോർണർ പ്രദേശത്ത് എൽഐസി ഓഫീസിന് പിന്നിലേക്കും മരം വീണതായി റിപ്പോർട്ടുണ്ട്.

അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി.

English Summary

Kerala has issued its first Red Alert of the monsoon season as heavy rainfall intensifies across the state. Red Alerts have been declared for Malappuram, Kozhikode, Wayanad, Kannur, and Kasaragod districts. Orange Alerts are in place for Idukki, Thrissur, Ernakulam, Kottayam, Palakkad, and Pathanamthitta, while Yellow Alerts have been issued for Alappuzha, Kollam, and Thiruvananthapuram. Heavy rain has already caused damage in parts of the state, including a house roof collapse in Kottayam that injured three people. Strong winds also uprooted trees in Kozhikode. Authorities have urged residents to remain alert for floods, landslides, and storm-related hazards.

Share This Article