തിരുവനന്തപുരം: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ യുവ ഗവേഷണ വിദ്യാർഥി മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയും തുമ്പയിലെ വിഎസ്എസ്‌സിയിലെ (VSSC) ഗവേഷണ വിദ്യാർഥിയുമായ അതുൽ (26) ആണ് മരിച്ചത്. അപകടത്തിൽ അമ്മ ജിഷയ്ക്ക് (51) പരുക്കേറ്റു.
വ്യാഴാഴ്ച രാത്രി 9.45ഓടെ തുമ്പ സ്റ്റേഷൻകടവ് നെഹ്‌റു ജംഗ്ഷനിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ശാന്തിനഗർ മാർക്കറ്റിന് സമീപത്ത് എത്തിയപ്പോൾ പെട്ടെന്ന് റോഡിന് കുറുകെ ചാടിയ തെരുവുനായയെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വിഎസ്എസ്‌സിയിലെ ഗവേഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അതുൽ തുമ്പയിലെ നെഹ്‌റു ജംഗ്ഷൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മകൻ ഒറ്റയ്ക്കായിരുന്നതിനാൽ ഏതാനും ദിവസം മുൻപാണ് അമ്മ ജിഷ അദ്ദേഹത്തിനൊപ്പം താമസിക്കാനെത്തിയത്.
അതുലിന്റെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടം നടന്ന ശാന്തിനഗർ മാർക്കറ്റ് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
English Summary
A 26-year-old VSSC research scholar, Athul from Iringallur in Kozhikode, died in a road accident in Thiruvananthapuram after a stray dog suddenly ran across the road. Athul was riding a scooter with his mother Jisha when the vehicle hit the dog and both were thrown onto the road. The accident occurred near Shantinagar Market in Thumba on Thursday night. Athul suffered severe head injuries and died despite being rushed to a private hospital. His mother sustained injuries and is currently under treatment. Residents say the area has long faced problems with stray dogs.
