കണ്ണൂർ: കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച വ്യക്തിയാണ് പഴയങ്ങാടി സ്വദേശി പാറയിൽ രാജൻ (62). പ്രകൃതി സംരക്ഷണത്തിനോടുള്ള അർപ്പണബോധം കാരണം നാട്ടുകാർ അദ്ദേഹത്തെ ‘കണ്ടൽ രാജൻ’ എന്നാണ് വിളിക്കുന്നത്.
വീടിനോട് ചേർന്ന് അയ്യായിരത്തോളം കണ്ടൽ തൈകൾ വളർത്തുന്ന നഴ്‌സറിയാണ് രാജന്റെ അഭിമാനം. കുറ്റിക്കണ്ടൽ, പൂക്കണ്ടൽ, വള്ളിക്കണ്ടൽ, ചക്കരക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ചുള്ളിക്കണ്ടൽ, ഉപ്പുകുറുവ എന്നിവ ഉൾപ്പെടെ 20-ലേറെ ഇനങ്ങളിലുള്ള കണ്ടൽച്ചെടികൾ അദ്ദേഹം സംരക്ഷിക്കുകയും നട്ടുവളർത്തുകയും ചെയ്യുന്നു.
സാമ്പത്തിക പരിമിതികൾ കാരണം അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന രാജൻ, മത്സ്യത്തൊഴിലാളിയായ പിതാവിനൊപ്പം പഴയങ്ങാടിപ്പുഴയിൽ ചെലവഴിച്ച ബാല്യകാലത്താണ് കണ്ടൽക്കാടുകളോട് അടുപ്പം വളർത്തിയത്. പിന്നീട് അത് ജീവിതദൗത്യമായി മാറുകയായിരുന്നു.
കണ്ടൽവേരുകൾക്കിടയിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുന്നതായി മനസിലാക്കിയതോടെ ദിവസേന തോണിയിൽ എത്തി മാലിന്യങ്ങൾ ശേഖരിക്കുന്നതും രാജന്റെ പതിവാണ്. പുഴകളും ജലാശയങ്ങളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
അതേസമയം, കുടുംബ ആവശ്യങ്ങൾക്കായി എടുത്ത ബാങ്ക് വായ്പ രാജന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചു. മകന്റെ വിദ്യാഭ്യാസത്തിനും മകളുടെ വിവാഹത്തിനുമായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ വായ്പ പലിശയടക്കം ഒൻപത് ലക്ഷത്തോളം രൂപയായി വർധിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടുത്തിടെ കടം വീട്ടിയെങ്കിലും കുടുംബത്തിന്റെ സ്വർണം പണയംവച്ചാണ് അത് സാധ്യമായത്.
വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വിജ്ഞാപനം ചെയ്ത തന്റെ കണ്ടൽ ഭൂമിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇതുമൂലം സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്നും രാജൻ പറയുന്നു. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിക്കും വനംവകുപ്പിനും നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
English Summary:
Kannur native Parayil Rajan, popularly known as “Kandal Rajan,” has dedicated decades of his life to conserving mangrove forests. He maintains a nursery with around 5,000 mangrove saplings and actively cleans plastic waste from nearby waterways. Despite financial hardships and a major loan burden, Rajan continues his environmental mission and hopes for government intervention regarding his mangrove land, which remains under acquisition notification.
