വായയിലെ അർബുദ രോഗനിർണ്ണയ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റവുമായി ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ രംഗത്ത്. വായ്പ്പുണ്ണിൽ നിന്നോ വായിലെ സംശയകരമായ പാടുകളിൽ നിന്നോ കോശങ്ങൾ വളരെ ലളിതമായി ശേഖരിച്ച് കേവലം ഒരു മണിക്കൂറിനുള്ളിൽ ക്യാൻസർ സ്ഥിരീകരിക്കാൻ കഴിയുന്ന അത്യാധുനിക ബ്രഷ് സ്വാബ് പരിശോധനയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള പരമ്പരാഗത ബയോപ്സി പരിശോധനകളെ അപേക്ഷിച്ച് ഒട്ടും വേദനയില്ലാത്തതും അതീവ വേഗത്തിൽ ഫലം നൽകുന്നതുമാണ് ഈ പുതിയ പരിശോധനാരീതിയെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.
ഗവേഷണത്തിന്റെ ഭാഗമായി ഏകദേശം 545 രോഗികളിൽ നിന്നായി ശേഖരിച്ച ആയിരത്തിലധികം സാമ്പിളുകൾ വിശദമായ വിശകലനത്തിന് വിധേയമാക്കിയാണ് qMIDS-V3 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബ്രഷ് ബയോപ്സി ടെസ്റ്റിന്റെ കൃത്യത വിലയിരുത്തിയത്. വായയെ ബാധിക്കുന്ന മാരകമായ ‘ഓറൽ സ്ക്വാമസ് സെൽ കാർസിനോമ’ എന്ന അർബുദാവസ്ഥയെ കൃത്യമായി തിരിച്ചറിയാൻ ഈ പരിശോധനയ്ക്ക് സാധിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. സാധാരണയായി കത്തിയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് വായിലെ ചെറിയൊരു മാംസക്കഷണം മുറിച്ചെടുക്കുന്ന പരമ്പരാഗത ബയോപ്സി രീതികളിൽ നിന്നും വ്യത്യസ്തമായി, ഇതിൽ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് മുകൾഭാഗത്തെ കോശങ്ങൾ മാത്രമാണ് ശേഖരിക്കുന്നത് എന്നതിനാൽ രോഗിക്ക് യാതൊരുവിധ വേദനയും അനുഭവപ്പെടുന്നില്ല.
നേരത്തെയുള്ള രോഗനിർണ്ണയം ജീവൻ രക്ഷിക്കും; അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിപണിയിലേക്ക്
മറ്റെല്ലാ അർബുദങ്ങളെയും പോലെ വായയിലെ ക്യാൻസറിന്റെ കാര്യത്തിലും എത്രയും നേരത്തെ രോഗം തിരിച്ചറിയുന്നു എന്നത് തന്നെയാണ് രോഗിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ നിലവിലുള്ള രോഗനിർണ്ണയ രീതികളിലെ സങ്കീർണ്ണതകളും കാലതാമസവും കാരണം പലപ്പോഴും രോഗസ്ഥിരീകരണം വൈകാറുണ്ട്.
ഈയൊരു വലിയ പരിമിതിക്ക് ശാശ്വത പരിഹാരമാണ് പുതിയ ടെസ്റ്റെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രധാന ഗവേഷകൻ മുയ്-ടെക് തെഹ് അഭിപ്രായപ്പെട്ടു. സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന കുറഞ്ഞ ചെലവിലുള്ള ഈ പരിശോധനാരീതി വിചാരിച്ചതുപോലെ മുന്നോട്ട് പോയാൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് അമിതമായി വളരുന്ന അവസ്ഥയാണ് വായയിലെ ക്യാൻസറായി മാറുന്നത്. ചുണ്ടുകൾ മുതൽ തൊണ്ടയുടെ ഭാഗമായ ടോൺസിലുകൾ വരെയുള്ള ഏത് ഭാഗത്തെയും ഇത് ബാധിക്കാം.
പലപ്പോഴും രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, നേരിയ വേദന, ഉണങ്ങാത്ത മുറിവുകൾ എന്നിവ സാധാരണ പ്രശ്നങ്ങളാണെന്ന് കരുതി പലരും അവഗണിക്കാറാണ് പതിവ്. എന്നാൽ വായയിൽ ഉണ്ടാകുന്ന മുറിവുകളോ പാടുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാതെ തുടരുകയാണെങ്കിൽ അത് ഗുരുതര രോഗങ്ങളുടെ സൂചനയാകാമെന്നും ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
പൂർവ്വാർബുദ അവസ്ഥകളും ല്യൂക്കോപ്ലാക്കിയയുടെ വിവിധ തരങ്ങളും
ക്യാൻസറായി മാറാൻ സാധ്യതയുള്ള ചില പൂർവ്വാർബുദ അവസ്ഥകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുകയിലയുടെ ഉപയോഗം മൂലം വായയ്ക്കുള്ളിൽ ഉണ്ടാകുന്ന വെള്ളപ്പാടുകൾ അഥവാ ‘ല്യൂക്കോപ്ലാക്കിയ’. പ്രധാനമായും മൂന്ന് തരത്തിലാണ് ഈ വെള്ളപ്പാടുകൾ രോഗികളിൽ കാണപ്പെടുന്നത്.
ആദ്യത്തേത് ‘ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ’ ആണ്. വായിലെ തൊലിപ്പുറത്ത് അല്പം തടിച്ചു നിൽക്കുന്ന ഈ പാടുകൾ വളരെ നേർമയേറിയതും മിനുസമുള്ളതുമായിരിക്കും. രണ്ടാമത്തേത് കവിളിന്റെ ഉൾഭാഗത്ത് വായുടെ ഇരുവശങ്ങളിലുമായി പൊടി വിതറിയതുപോലെ കാണപ്പെടുന്ന വെള്ളപ്പാടുകളാണ്, ഇവ ‘സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ’ എന്നറിയപ്പെടുന്നു.
ഇവ ഭാവിയിൽ ക്യാൻസറായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നാമത്തെ ഇനമായ ‘നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ’യിൽ വെള്ളപ്പാടുകൾക്കിടയിൽ വ്രണങ്ങളും ചുവന്ന നിറവും ഇടകലർന്ന് കാണപ്പെടുന്നു. ഇവ ക്യാൻസറിലേക്ക് വഴിമാറാൻ ഏറ്റവും ഉയർന്ന സാധ്യതയുള്ളതിനാൽ തുടർച്ചയായ മെഡിക്കൽ നിരീക്ഷണം ആവശ്യമാണ്.
രോഗലക്ഷണങ്ങളും വായയിലെ ക്യാൻസർ തടയാനുള്ള മുൻകരുതലുകളും
വായിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. വായയിൽ തുടർച്ചയായി പുണ്ണ് വരികയും അത് ഉണങ്ങാതിരിക്കുക, വായ പൂർണ്ണമായി തുറക്കാൻ പ്രയാസം അനുഭവപ്പെടുക, നാവിലോ മോണയിലോ കവിളിലോ വെള്ളയോ ചുവപ്പോ നിറത്തിലുള്ള മാറ്റങ്ങൾ കാണുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
ഇതിനുപുറമെ കഴുത്തിൽ കാണുന്ന അസാധാരണമായ മുഴകൾ, താടിയെല്ലിന്റെ ഭാഗത്തുണ്ടാകുന്ന വേദന, ഭക്ഷണം ചവയ്ക്കാനും ഇറക്കാനും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, വായിൽ നിന്നും ഉണ്ടാകുന്ന അകാരണമായ രക്തസ്രാവം, ശബ്ദത്തിലെ വ്യതിയാനം, പല്ലുകൾ പെട്ടെന്ന് ഇളകുക, അകാരണമായി ശരീരഭാരം കുറയുക എന്നിവയും വായയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം.
കൃത്യമായ ജീവിതശൈലിയിലൂടെ ഒരു പരിധി വരെ വായയിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ എല്ലാത്തരത്തിലുമുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. മദ്യപാന ശീലം പൂർണ്ണമായി ഒഴിവാക്കുന്നതും രോഗസാധ്യത കുറയ്ക്കും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയും ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉൾപ്പെടുത്തുകയും വേണം. ഇതിനെല്ലാമപ്പുറം വായുടെ ആരോഗ്യം കൃത്യമായി വിലയിരുത്തുന്നതിനായി എല്ലാ ആറുമാസം കൂടുമ്പോഴും ഒരു ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് ശീലമാക്കേണ്ടതാണ്.
