ആഗോളതലത്തിൽ വലിയ ഭീതി പടർത്തുന്ന എബോള വൈറസ് രോഗബാധയും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളും തമ്മിൽ വരുംദിവസങ്ങളിൽ നമ്മെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു ബന്ധമുണ്ടെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പ്രത്യക്ഷത്തിൽ സ്മാർട്ട്ഫോണുകൾ എങ്ങനെയാണ് ഒരു മാരക വൈറസിനെ മനുഷ്യരിലേക്ക് എത്തിക്കുന്നത് എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഇതിന് പിന്നിൽ സ്മാർട്ട്ഫോൺ കമ്പനികളുടെ അമിത ലാഭക്കൊതിയും അതിനായി ആഫ്രിക്കൻ വനങ്ങളിൽ നടത്തുന്ന വൻതോതിലുള്ള പരിസ്ഥിതി നാശവുമാണുള്ളത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഒഴിച്ചുകൂടാനാകാത്ത കൊബാൾട്ട്, കൊൾട്ടാൻ, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കൾക്കായി ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലകളിൽ കാലങ്ങളായി വലിയ ഖനന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ആഗോളതലത്തിൽ ആധുനിക സാങ്കേതിക വിദ്യകൾക്കായുള്ള ഡിമാൻഡ് സമീപകാലത്ത് കുതിച്ചുയർന്നതോടെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള മോങ്ബ്വാലു പോലുള്ള വനപ്രദേശങ്ങളിൽ വൻതോതിൽ നിയമവിരുദ്ധവും അശാസ്ത്രീയവുമായ ഖനന പ്രവർത്തനങ്ങളാണ് രാജ്യാന്തര ലോബികൾ നടത്തിവരുന്നത്.
ഈ ഖനന ആവശ്യങ്ങൾക്കായി വനങ്ങൾ വ്യാപകമായി വെട്ടിമാറ്റിയതോടെ എബോള വൈറസിന്റെ പ്രധാന വാഹകരായ ‘ഫ്രൂട്ട് വവ്വാലുകളുടെ’ സ്വാഭാവിക ആവാസവ്യവസ്ഥ പൂർണമായും തകരുകയുണ്ടായി.
ഇതോടെ കാടുകളിൽ കഴിഞ്ഞിരുന്ന ഈ വവ്വാലുകൾക്ക് തങ്ങളുടെ താവളങ്ങൾ നഷ്ടപ്പെടുകയും, അവ വൻതോതിൽ മനുഷ്യവാസമുള്ള ഖനന ക്യാമ്പുകളിലേക്ക് കൂട്ടത്തോടെ അഭയം തേടി എത്തിത്തുടങ്ങുകയും ചെയ്തു.
ഈ വനനശീകരണം മൂലം വനത്തിനുള്ളിലെ താൽക്കാലിക ക്യാമ്പുകളിൽ താമസിച്ച് ജോലി ചെയ്യുന്ന ഖനന തൊഴിലാളികൾ ഈ വവ്വാലുകളുമായി നേരിട്ട് ഇടപഴകാനുള്ള സാധ്യത വളരെ അധികം വർദ്ധിക്കുകയാണ് ഉണ്ടായത്.
വവ്വാലുകൾ ഭാഗികമായി കടിച്ച പഴങ്ങളിലൂടെയോ അവയുടെ ശരീര സ്രവങ്ങളിലൂടെയോ ഖനന തൊഴിലാളികളിലേക്ക് എബോള വൈറസ് അതിവേഗം പടർന്നുപിടിക്കുന്നു. മനുഷ്യന്റെ ശ്വാസകോശത്തെയും ആന്തരികാവയവങ്ങളെയും ബാധിച്ച് മാരകമായ ആന്തരിക രക്തസ്രാവമുണ്ടാക്കുന്ന ഈ രോഗം ബാധിച്ചാലുള്ള മരണനിരക്ക് 90 ശതമാനത്തോളം വരെ എത്തുന്ന ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളത്.
ഖനന മേഖലകളിലുള്ള താൽക്കാലിക ജനവാസ കേന്ദ്രങ്ങളിലെ മോശം ശുചിത്വസാഹചര്യങ്ങൾ ഈ രോഗവ്യാപനത്തിന്റെ തീവേത വർദ്ധിപ്പിക്കുകയും വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഖനന മേഖലകളിൽ വെച്ച് എബോള ബാധിതരാകുന്ന തൊഴിലാളികൾ തങ്ങളുടെ ജോലിക്ക് ശേഷം സ്വന്തം നാടുകളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങുന്നതോടെ രോഗവ്യാപനം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നു.
ഇത് കേവലം കോംഗോയിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ അതിർത്തികൾ പോലും കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലേക്ക് വരെ അതിവേഗം വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. കേവലം താൽക്കാലിക മെഡിക്കൽ സജ്ജീകരണങ്ങൾ കൊണ്ടോ അല്ലെങ്കിൽ വാക്സിനേഷൻ ഡ്രൈവുകൾ കൊണ്ടോ മാത്രം ഈ മഹാമാരിയെ പൂർണ്ണമായി തടയാനാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികളുടെ അമിത ലാഭക്കൊതിക്ക് വേണ്ടി ആഫ്രിക്കൻ വനങ്ങളിൽ നടത്തുന്ന പരിസ്ഥിതി നാശവും വനനശീകരണവുമാണ് എബോളയുടെ യഥാർഥ കാരണമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് അതീവ ഗൗരവത്തോടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതുകൊണ്ട് തന്നെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഇത്തരം ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ എബോള പോലുള്ള മാരക മഹാമാരികളിൽ നിന്നും മനുഷ്യരാശിയെ സ്ഥിരമായി രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
English Summary
The Guardian reports that surging smartphone and EV demand drives illegal mining in Congo’s forests. This deforestation destroys fruit bat habitats, pushing Ebola-carrying bats into mining camps and triggering deadly outbreaks.
