ന്യൂഡൽഹി: തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ സുപ്രധാന മുന്നേറ്റം കുറിച്ച് ഇന്ത്യ. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പരീക്ഷണത്തിൽ ‘ദിവ്യാസ്ത്ര എംകെ-1’ ഡ്രോൺ വാഹനത്തിൽ ഘടിപ്പിച്ച മൊബൈൽ ലോഞ്ചറിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
യുദ്ധഭൂമിയിലെ ദ്രുത വിന്യാസ ശേഷി, പ്രവർത്തന സന്നദ്ധത, ചലനാത്മകത എന്നിവ വിലയിരുത്തുന്നതിനായി ഒന്നിലധികം വിക്ഷേപണങ്ങളാണ് നടത്തിയത്. പരീക്ഷണം വിജയകരമായതോടെ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതായാണ് വിലയിരുത്തൽ.
നിരീക്ഷണം, രഹസ്യാന്വേഷണം, കൃത്യമായ ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത യുദ്ധോപകരണ വിഭാഗത്തിലുള്ള ആളില്ലാ വിമാനമാണ് ദിവ്യാസ്ത്ര എംകെ-1. ലക്ഷ്യത്തിന് മുകളിലൂടെ സഞ്ചരിച്ച് ആവശ്യമായ സമയത്ത് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.
500 കിലോമീറ്റർ വരെയാണ് ഡ്രോണിന്റെ പ്രവർത്തന പരിധി. തുടർച്ചയായി അഞ്ച് മണിക്കൂർ വരെ പറക്കാൻ കഴിയുന്ന ഈ സംവിധാനം ദീർഘകാല നിരീക്ഷണ ദൗത്യങ്ങൾക്കും അനുയോജ്യമാണ്.
ദൗത്യത്തിന്റെ ആവശ്യാനുസരണം ഇലക്ട്രോ-ഓപ്റ്റിക്കൽ, ഇൻഫ്രാറെഡ് ക്യാമറകൾ, ആശയവിനിമയ റിലേ സംവിധാനങ്ങൾ, വാർഹെഡുകൾ തുടങ്ങിയ വിവിധ പേലോഡുകൾ ഘടിപ്പിക്കാനും സാധിക്കും. വാഹനങ്ങളിലോ ട്രക്കുകളിലോ ഘടിപ്പിച്ച് എവിടേക്കും എളുപ്പത്തിൽ എത്തിക്കാനാകുന്നതും പ്രത്യേകതയാണ്.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈ സംവിധാനം പ്രധാനമായും തദ്ദേശീയ സാങ്കേതികവിദ്യയും ഘടകങ്ങളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ വിദേശ പ്രതിരോധ സംവിധാനങ്ങളോടുള്ള ആശ്രിതത്വം കുറയുകയും സ്വകാര്യ മേഖലയിലെ പങ്കാളിത്തം വർധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ദിവ്യാസ്ത്ര എംകെ-1ന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ ഇത് ഇന്ത്യൻ സൈന്യത്തിന്റെ വിവിധ യൂണിറ്റുകളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് സൂചന. കൂടുതൽ നൂതനമായ എംകെ-2 പതിപ്പുകളും സ്വാം ഡ്രോൺ സംവിധാനങ്ങളും ഭാവിയിൽ വികസിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
English Summary:
India has successfully tested the indigenous Divyastra MK-1 drone from a vehicle-mounted mobile launcher in Jodhpur, Rajasthan. With a range of up to 500 km and endurance of five hours, the drone is designed for surveillance, reconnaissance, and precision strike missions.
