മെക്‌സിക്കോ സിറ്റി: ഫുട്ബോൾ ലോകം കാത്തിരുന്ന മഹാമാമാങ്കത്തിന് മണിക്കൂറുകൾ മാത്രം. ലോകകപ്പ് ഫുട്ബോളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും. മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ആദ്യ മത്സരത്തിൽ ആതിഥേയരിലൊരാളായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലൈ 19നാണ് ഫൈനൽ മത്സരം നടക്കുക. 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറുക.
ഇത്തവണ ലോകകപ്പിന്റെ പ്രധാന പ്രത്യേകത 48 ടീമുകളുടെ പങ്കാളിത്തമാണ്. മുമ്പ് 32 ടീമുകളായിരുന്നു ലോകകപ്പിൽ മത്സരിച്ചിരുന്നത്. പുതിയ ഫോർമാറ്റിൽ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ആദ്യഘട്ട മത്സരം നടക്കുക.
നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലയണൽ മെസിയുടെ നേതൃത്വത്തിൽ കിരീടം നിലനിർത്താനിറങ്ങുമ്പോൾ, യൂറോപ്യൻ ചാമ്പ്യൻമാരായ സ്‌പെയിൻ, ഫ്രാൻസ്, ജർമനി, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, നെതർലൻഡ്‌സ് എന്നിവരും ശക്തമായ കിരീടവേട്ടക്കാരായാണ് എത്തുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ, ലൂക്ക മോഡ്രിച്ച് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പാകാൻ സാധ്യതയുള്ള ടൂർണമെന്റ് കൂടിയാണിത്. അതേസമയം, സ്പാനിഷ് യുവതാരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള പുതുതലമുറ താരങ്ങളും ലോകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ്.
ക്രൊയേഷ്യ, ബെൽജിയം, മൊറോക്കോ തുടങ്ങിയ ടീമുകൾ കറുത്തകുതിരകളായി മാറാൻ സാധ്യതയുള്ളപ്പോൾ, ജപ്പാൻ, ദക്ഷിണകൊറിയ, സൗദി അറേബ്യ, ഇറാൻ, ഇറാഖ് എന്നിവയാണ് ഏഷ്യയുടെ പ്രധാന പ്രതീക്ഷകൾ. ആദ്യമായി ലോകകപ്പ് കളിക്കുന്ന ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർദേ, കുറസാവോ തുടങ്ങിയ രാജ്യങ്ങളും ടൂർണമെന്റിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
ഫുട്ബോൾ ആരാധകരുടെ ഹൃദയമിടിപ്പ് ഉയർത്തി, അടുത്ത ഒരു മാസത്തിലേറെ കാലം ലോകം മുഴുവൻ പന്തിന് പിന്നാലെ സഞ്ചരിക്കാനൊരുങ്ങുകയാണ്.
English Summary:
The 23rd FIFA World Cup is set to begin, with the United States, Mexico and Canada jointly hosting the tournament. Featuring 48 teams and 104 matches, this will be the largest World Cup in history. Defending champions Argentina, along with Spain, France, Brazil, Germany and Portugal, are among the favourites. The tournament could mark the final World Cup appearances of legends such as Lionel Messi and Cristiano Ronaldo.
