വാഷിങ്ടൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ വിറപ്പിച്ച് ഈജിപ്ത്. മത്സരത്തിന്റെ ഭൂരിഭാഗവും മുന്നിൽ നിന്ന ഈജിപ്തിനെതിരെ ബെൽജിയം അവസാനഘട്ടത്തിൽ 1-1 സമനില പിടിച്ചെടുത്തു. ഈജിപ്ത് താരം മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളാണ് ബെൽജിയത്തിന് രക്ഷയായത്.
20-ാം മിനിറ്റിൽ Mohamed Salah നൽകിയ കൃത്യമായ പാസ് സ്വീകരിച്ച Emam Ashour ബോക്സിന് പുറത്തുനിന്ന് ഉതിർത്ത ശക്തമായ ഷോട്ട് ബെൽജിയം വലയിൽ പതിച്ചതോടെ ഈജിപ്ത് ലീഡ് നേടി. ബെൽജിയം ഗോൾകീപ്പർ Thibaut Courtoisക്ക് യാതൊരു അവസരവും നൽകാതെയായിരുന്നു അഷൂറിന്റെ ഫിനിഷിങ്. ദേശീയ ടീമിനായി അഷൂർ നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്.
ഗോൾ വഴങ്ങിയതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളും നിർഭാഗ്യവും തിരിച്ചടിയായി. രണ്ടാം പകുതിയിൽ Kevin De Bruyneയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് ബെൽജിയത്തിന്റെ നിരാശ വർധിപ്പിച്ചു.
മറുവശത്ത് സലാ, അഷൂർ, മൊസ്തഫ സിക്കോ, Omar Marmoush എന്നിവർ ചേർന്ന് ബെൽജിയം പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തി. എന്നാൽ ലഭിച്ച മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ഈജിപ്ത് താരങ്ങൾക്കും വീഴ്ച പറ്റി.
66-ാം മിനിറ്റിൽ Romelu Lukakuയെ കളത്തിലിറക്കിയ ബെൽജിയത്തിന് അതിവേഗം ഫലം ലഭിച്ചു. മുനിയറിന്റെ ക്രോസ് ഗോളാക്കാൻ ലുക്കാക്കു ശ്രമിക്കുന്നതിനിടെ പന്ത് തടയാൻ ശ്രമിച്ച മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. ഇതോടെ ബെൽജിയം സമനില പിടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി.
അവസാന നിമിഷങ്ങളിൽ ഇരുടീമുകളും വിജയഗോളിനായി ആക്രമണം നടത്തിയെങ്കിലും സ്കോർബോർഡിൽ മാറ്റമുണ്ടായില്ല. മികച്ച പ്രകടനം കാഴ്ചവെച്ച ഈജിപ്തിന് സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, തോൽവിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായാണ് ബെൽജിയം മടങ്ങിയത്.
English Summary
Egypt stunned Belgium in their FIFA World Cup Group G clash and led for most of the match through Emam Ashour’s first international goal. However, Belgium managed to secure a 1-1 draw after an own goal by Mohamed Hany. Despite late pressure from both teams, neither side could find a winner.
