കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ആവശ്യമായ രേഖകൾ ശേഖരിച്ച ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്.
ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുന്നതിനിടെ സ്ഥലത്ത് എത്തിയ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കൂവിവിളിച്ചും മുദ്രാവാക്യം മുഴക്കിയും പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ജയരാജൻ, കെ.കെ. രാഗേഷ്, ശിവദാസൻ എന്നിവർ പിണറായിയിലെ വീട്ടിന് മുന്നിലെത്തിയിരുന്നു. ഉദ്യോഗസ്ഥർ പുറത്തുപോകുന്നതിനിടെ നേതാക്കളും പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
പിണറായി വിജയന്റെ മരുമകനും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ഇഡി പരിശോധന നടന്നു. അവിടത്തെ പരിശോധനയും പിന്നീട് പൂർത്തിയായി.
കണ്ണൂരിലെ വസതിയും തിരുവനന്തപുരത്തെ വാടകവീടും ഉൾപ്പെടെ സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടന്നത്. രാവിലെ ആറുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ പിണറായി വിജയൻ ഉണ്ടായിരിക്കെയാണ് ഇഡി സംഘം എത്തിയത്.
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
English Summary: ED officials completed searches at the Kannur residence of opposition leader Pinarayi Vijayan and the Kozhikode house of MLA Mohammed Riyas. CPM workers protested outside the residence while party leaders gathered at the spot during the raids linked to the CMRL-Exalogic case.
